ണ്ട് തരത്തിലുള്ളവരാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഒന്ന് താന്‍ ജീവിക്കുന്നതാണ് ലോകം. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ അതൊരു വിസ്മയം തന്നെയായിരിക്കും എന്ന് വിചാരിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടരാകട്ടെ നിലവില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന കെട്ടുപാടുകളെ പൊട്ടിച്ച് പുറത്തേക്ക് വരാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അവര്‍ക്ക് ചിലപ്പോഴെങ്കിലും കൂട്ടാവുന്നതാകട്ടെ ആദ്യം പറഞ്ഞ വിഭാഗക്കാരും.

ഇപ്പറഞ്ഞ രണ്ട് കൂട്ടരേയും ഒരു ചരടില്‍ കൂട്ടിയിണക്കിക്കൊണ്ടുപോകുന്ന ചിത്രമാണ് വ്യാസന്‍.കെ.പിയുടെ 'അയാള്‍ ജീവിച്ചിരിപ്പുണ്ട്'. ബുക്കര്‍ പുരസ്‌കാര ജേതാവായ ജോണ്‍ മാത്യു, അയാളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന മുരുകന്‍ എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്. വ്യത്യസ്ത കഥ പറച്ചില്‍ ശൈലികളാണ് ചിത്രത്തില്‍ ഉടനീളം പരീക്ഷിച്ചിരിക്കുന്നത്. നേരെ കഥ പറഞ്ഞുപോകുന്ന ശൈലിയും വോയിസ് ഓവര്‍ രീതിയില്‍ പോകുന്ന ശൈലിയും ഫഌഷ് ബാക്കുകളുടെ ശൈലിയുമെല്ലാം വ്യാസന്‍ തന്റെ കന്നി സംവിധാന സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒരെഴുത്തുകാരന്‍ തന്റെ കൃതിക്കുള്ള കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും വാര്‍ത്തെടുക്കുന്നത് അയാള്‍ക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്നാണ്. ജോണ്‍ മാത്യുവിന്റെ ആദ്യ കൃതിയുണ്ടായതും അതില്‍ നിന്നാണ്. ഇതുപോലെ തന്നെയാണ് രണ്ടാമത്തെ കൃതിയും അയാള്‍ രചിക്കുന്നത്. അതിന് മുരുകനെ പോലെ ഒരാള്‍ ഒരു നിമിത്തമായെന്നാണ് ചിത്രം ആദ്യന്തം പറയുന്നത്. ഒരെഴുത്തുകാരനില്‍ ഒരു കഥാപാത്രം എങ്ങനെ രൂപപ്പെട്ടു വരുന്നുവെന്നും ആ കഥാപാത്രം എഴുത്തുകാരനില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും പ്രേക്ഷകനോട് സംവദിക്കാന്‍ ചിത്രത്തിനായിട്ടുണ്ട്.

ayaal

മുരുകന്‍ എന്ന, മലയാളം മാത്രം സംസാരിക്കാനറിയുന്ന, ഗോവ എന്ന സ്വര്‍ഗരാജ്യം സ്വപ്‌നം കാണുന്ന ചെറുപ്പക്കാരനെ മണികണ്ഠന്‍ മനോഹരമാക്കിയിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ ബാലനില്‍ നിന്നും മുരുകനിലേക്കെത്തുമ്പോള്‍ നായകനായി പ്രൊമോഷന്‍ ലഭിച്ചതിന്റെ മികവ് അദ്ദേഹം പുറത്തെടുക്കുന്നുണ്ട്. പ്രത്യേകിച്ച് വൈകാരിക രംഗങ്ങളില്‍. മുരുകന്‍ തന്നെയാണ് സിനിമയുടെ അച്ചുതണ്ട്. ജോണ്‍ മാത്യു എന്ന കഥാപാത്രമായെത്തിയ വിജയ് ബാബുവും പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

സിനിമയിലെ മറ്റു കഥാപാത്രങ്ങളായെത്തിയ ഹരീഷ് പേരടി, തെസ്‌നി ഖാന്‍, കിഷോര്‍ സത്യ മുതലായവര്‍ നാമമാത്രമായ സീനുകളിലൊതുങ്ങി. ജോണിന്റേയും മുരുകന്റേയും ജീവിതത്തിന് സമാന്തരമായി നടക്കുന്ന ചില പോലീസ് അന്വേഷണ രംഗങ്ങള്‍ പ്രേക്ഷകില്‍ അലോസരം സൃഷ്ടിക്കുന്നവയാണ്. ഗാനങ്ങളും ചിത്രത്തോട് നീതി പുലര്‍ത്തി. 

മുരുകന്റേയും ജോണിന്റേയും സൗഹൃദത്തിന്റെ പശ്ചാത്തലം എന്ന രീതിയില്‍ മാത്രമാണ് ചിത്രത്തില്‍ ഗോവയെ ഉപയോഗിച്ചത്. അത് തന്നെയാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട വസ്തുത. തുടക്കാരന്റെ ചില പാളിച്ചകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരുവട്ടം കണ്ടിറങ്ങാവുന്ന ചിത്രമാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട്.