ദാമ്പത്യത്തില്‍ അലമാരയ്‌ക്കെന്താണ് കാര്യം? കാര്യമുണ്ടെന്ന് പറയുന്ന മിഥുന്‍ മാനുവല്‍ തോമസിന്റെ 'അലമാര'യ്ക്ക് ഒരു കുടുംബചിത്രത്തിന്റെ ചേരുവകളാണ്. സംഭാഷണങ്ങളില്‍ നുറുങ്ങു തമാശകള്‍ ചേര്‍ത്ത് ചില വിജയ ഫോര്‍മുലകള്‍ ആവര്‍ത്തിച്ച് പരിക്കില്ലാതെ മുന്നോട്ടുപോകാന്‍ ഇത്തവണയും സംവിധായകന് കഴിഞ്ഞു എന്ന് ആദ്യം പറയാം. കണ്ടിരിക്കാവുന്ന സിനിമയാണിത്.

അരസെഞ്ച്വറിയ്ക്കടുത്ത് പെണ്ണുകണ്ട് ഒന്ന് ഒത്തുവരാന്‍ കാത്തിരിക്കുന്ന നായകന്‍ അരുണിന് ഭാവിവധുവിനൊപ്പം കിട്ടുന്നതാണ് ഒറ്റത്തടിയില്‍ തീര്‍ത്ത അലമാര. അടുക്കള കാണലിന് ഭാര്യവീട്ടുകാരുടെ സമ്മാനമെത്തുന്നത് അത്ര സുഖകരമായ അന്തരീക്ഷത്തിലല്ല. തീയതി തീരുമാനിച്ച ശേഷമുള്ള ചില പ്രശ്‌നങ്ങളാണ് കാരണം. അധികപ്പറ്റാകുന്ന അലമാര, ദമ്പതികള്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരിലേക്കും കുടിയേറപ്പെടുമ്പോഴാണ് ജീവിതവും കൂടുതല്‍ സങ്കീര്‍ണമാകുന്നത്. വഴിപിരിക്കാന്‍ വരെ ഈ തടിയന്‍ അലമാര കാരണമാകുന്നതായാണ് പിന്നെ കാണുന്നത്.

അലമാരയും ഒരു കഥാപാത്രമായി നായകന്റെ ജീവിതത്തിനൊപ്പം വളരുന്നതാണ് സിനിമയിലെ ശ്രദ്ധേയമായ കാര്യം. മരമായി കാണും മുതല്‍ തെങ്ങിന്‍വളപ്പില്‍ ഉപേക്ഷിക്കപ്പെടും വരെയും  അത് നമ്മോട് തന്റെ രോദനം പറഞ്ഞുകൊണ്ടേയിരിക്കുന്നു. പരിചിത ശബ്ദത്തിലാണ് അലമാരയുടെ ആത്മകഥ. ഉട്ടോപ്യയിലെ രാജാവില്‍ കാക്കയ്ക്ക് ശബ്ദം നല്‍കിയ നടന്‍ സലീംകുമാറിന് വീണ്ടുമൊരു മനുഷ്യേതര വേഷമാകുന്നു അലമാര. അലമാരയുടെ പൊല്ലാപ്പുകള്‍ക്കൊപ്പം ഒരു ഭൂമാഫിയ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ വിരസത പകരാതെ കഥ പുരോഗമിക്കുന്നു. ശുഭം എന്നെഴുതിക്കാണിക്കാന്‍ തക്കവണ്ണമാണ് ഒടുക്കം. ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഇവനും ധാരാളമാണ് എന്നുകൂടി പറയുമ്പോള്‍ സിനിമ പൂര്‍ത്തിയാകുന്നു.

നായകനായ സണ്ണി വെയ്‌നും എപ്പോഴും സുന്ദരിയായി കാണുന്ന നായിക അദിതിയും മെച്ചമെന്നു പറയാനാകാത്ത പ്രകടനം കാഴ്ചവച്ചു. നായകന്റെ അച്ഛനായി രഞ്ജി പണിക്കര്‍ രസിപ്പിച്ചു. കമ്മട്ടിപ്പാടത്തെ ബാലേട്ടനെ (മണികണ്ഠന്‍ ആചാരി) അമ്മാവനാക്കി 'കൈയടിക്കെടാ' എന്നു പറയിപ്പിക്കാനുള്ള ധൈര്യവും സിനിമയില്‍ കണ്ടു. മാഫിയാത്തലവനും വില്ലനുമായെത്തിയ ഇന്ദ്രന്‍സ് 'ടമാര്‍ പടാറി'നു ശേഷം ജീവനുള്ള കഥാപാത്രമായി.

ആക്ഷന്‍ ഹീറോ ബിജുവിലെ ചിരിച്ചേച്ചിമാരെ അതേപടി കൊണ്ടുവന്ന് ചിരിപ്പിക്കാനും ശ്രമമുണ്ട്. ഇത്തരം ശ്രമങ്ങളും നായകന്റെ കൂട്ടുകാരെക്കൊണ്ടുള്ള ചുമ്മാ തമാശ പറയിക്കലും പലപ്പോഴും ഏശാതെ പോയി.

കുശുമ്പും കുന്നായ്മയും മാത്രം കൈവശമുള്ള, പാവം ഭര്‍ത്താക്കന്മാരെ വല്ലാതെ കഷ്ടപ്പെടുത്തുന്നവരാണ് ഒന്നൊഴിയാതെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും. സിനിമയ്ക്ക് മുമ്പുള്ള ഒരു അഭിമുഖത്തില്‍ മിഥുനും സണ്ണിയും പറഞ്ഞതുപോലെ അവിവാഹിതരാണ് വിവാഹജീവിതത്തിന്റെ കഥ പറഞ്ഞത് എന്നതുതന്നെയാവാം ഈ മുന്‍ധാരണയ്ക്ക് കാരണം. ദുര്‍ബലമായ ഒരു കാരണത്തെ പോലും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവ് മിഥുന്‍ ആവര്‍ത്തിക്കുകയാണ് അലമാരയില്‍. കുടുംബപ്രേക്ഷകനെ ലക്ഷ്യമിട്ട സിനിമയ്ക്ക് പിഴച്ചിട്ടില്ലെന്നാണ് ആദ്യ വിലയിരുത്തല്‍.