മുന്‍കാല നടി തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്‌. രോഗബാധിതയായ ദയനീയ അവസ്ഥയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്. 

അമ്മയില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിപ്പോയെന്നും നിരവധി തവണ സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും വാസന്തി പറഞ്ഞിരുന്നു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ് ഇവര്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. തുടര്‍ചികിത്സ നടത്താന്‍ ലക്ഷക്കണക്കിന് രൂപ ആവശ്യമുണ്ട്.

ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം പരിചയപ്പെട്ടവര്‍ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാല്‍ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു. 

പ്രമേഹം മൂര്‍ച്ഛിച്ച് വലതുകാല്‍ മുറിച്ചുമാറ്റി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് വീണ്ടും രോഗനാളുകള്‍. 20 റേഡിയേഷന്‍ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേള്‍വിക്കുറവുമുണ്ട്. തുടര്‍ചികിത്സ നടത്താന്‍ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങള്‍ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്പാദ്യം. നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂട. WCC ഞങ്ങള്‍ക്ക് കഴിയുന്ന സഹായകവുമായി അവര്‍ക്ക് ഒപ്പം തീര്‍ച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.

സഹായങ്ങള്‍ അയക്കേണ്ടത്:

Mrs Vasanthi P, 
Acct No. 11210100032566, 
Bank & Branch : Federal Bank, Thodupuzha 
IFSC - FDRL0001121,

wcc