ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അവള്‍ക്കൊപ്പം 'എന്ന ക്യാമ്പയിന്‍ ഏറ്റെടുക്കണമെന്ന് പൊതു സമൂഹത്തോട് അഭ്യര്‍ത്ഥിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങ് നടക്കുന്ന അവസരത്തില്‍ തലശ്ശേരിയില്‍ വച്ച് പ്രമുഖ നാടക നടി നിലമ്പൂര്‍ ആയിഷയാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഒപ്പു ശേഖരണവും നടന്നു. റിമാന്റില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് വനിതാ കൂട്ടായ്മ ക്യാമ്പയിന്‍ ആരംഭിച്ചത്.

വിമണ്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നലെ തലശ്ശേരിയില്‍ വെച്ചു നടന്ന അതി ഗംഭീരമായ ചടങ്ങില്‍ മലയാള സിനിമയിലെ പ്രതിഭകള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. അവാര്‍ഡ് വിതരണം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കി.

ആയിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഈ ചടങ്ങില്‍, കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ആക്രമണത്തിനു വിധേയയായ ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ നീതിക്കായി കൂടെ നില്‍ക്കണമെന്ന് WCC ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അവാര്‍ഡ് വിതരണ ചടങ്ങു നടക്കുന്ന സ്റ്റേഡിയകവാടത്തില്‍ ഞങ്ങള്‍ പതിപ്പിച്ച ബോര്‍ഡില്‍ അവള്‍ക്കൊപ്പം ഉണ്ടെന്ന് അറിയിച്ചു കൊണ്ട് അവര്‍ കൈയ്യൊപ്പുവെച്ചു! നാലു കവാടത്തിലെയും ബോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം കൈയ്യൊപ്പുകള്‍ കൊണ്ട് നിറഞ്ഞു.

നിലമ്പൂര്‍ ആയിഷയാണ് അവള്‍ക്കൊപ്പമെന്ന ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷത്തെ മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ച WCC അംഗം വിധു വിന്‍സെന്റ് തന്റെ മറുപടി പ്രസംഗത്തില്‍ പീഡിപ്പിക്കപ്പെട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് മറ്റൊരു WCC അംഗം നല്ല നടിക്കുള്ള 2013 ലെ അവാര്‍ഡ് ജേതാവായ റീമ കല്ലിങ്കല്‍ പ്രസ്തുത ചടങ്ങില്‍ അവതരിപ്പിച്ച കലാപരിപാടിക്കൊടുവില്‍ 'അവള്‍ക്കൊപ്പം ' എന്ന പ്ലേക്കാര്‍ഡ് ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അങ്ങിനെ വേദിക്കകവും പുറവും' അവള്‍ക്കൊപ്പം ' എന്ന ക്യാമ്പയിനിങ്ങിന് WCC വേദിയാക്കി. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ജനങ്ങള്‍ നല്‍കുന്ന അചഞ്ചലമായ, നിര്‍ലോഭമായ പിന്തുണയാണ് ഈ ദുര്‍ഘട സന്ധിയില്‍ ഞങ്ങളുടെ ഊര്‍ജം. ഇരയുടെ നീതിക്കായി'അവള്‍ക്കൊപ്പം 'എന്ന ക്യാമ്പയിന്‍ നിങ്ങള്‍ ഏറ്റെടുക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യണമെന്ന് WCC അഭ്യര്‍ത്ഥിക്കുന്നു '