ജിത്ത് നായകനാകുന്ന 'തല 57' ല്‍ വിവേക് ഓബ്‌റോയി വില്ലനായെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രമാണിത്. അജിത്തിന്റെ 57ാം ചിത്രമായതിലാണ് 'തല 57' എന്ന് വിളിപേരിരിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

അഭിഷേക് ബച്ചന്‍, അരവിന്ദ് സ്വാമി, സുദീപ് തുടങ്ങിയവരെയാണ് ആദ്യം വില്ലന്‍ വേഷത്തില്‍ പരിഗണിച്ചിരുന്നത്. പിന്നീടാണ് വിവേകിനെ സമീപിക്കുന്നത്. 

ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ വിവേക് സമ്മതിച്ചതായി ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഹൃത്വിക് റോഷന്‍ നായകനായ ക്രിഷ് 3 എന്ന ചിത്രത്തിലാണ് വിവേക് അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. 

ഓസ്ട്രിയ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇന്റര്‍പോള്‍ ഓഫീസറിന്റെ വേഷത്തിലാണ് അജിത് അഭിനയിക്കുന്നത്. കാജല്‍ അഗര്‍വാള്‍, അക്ഷരാ ഹാസന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. വെട്രിയാണ് ഛായാഗ്രാഹണം.