മിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍സംഘം സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാതിരുന്ന നടന്‍ അജിത് കുമാറിനോട് വിശാലിന് അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. ആക്ടേഴ്‌സ് ഗില്‍ഡിന്റെ ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനാണ്‌ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്. എന്നാല്‍, അജിത് ഈ പരിപാടിയില്‍ പങ്കെടുത്തില്ല. ഇതാണ് നടികര്‍സംഘം സെക്രട്ടറി കൂടിയായ വിശാലിനെ ചൊടിപ്പിച്ചത്. 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നതിനായി ഭാരവാഹികള്‍ അജിത്തിനെ കാണാന്‍ ചെന്നപ്പോള്‍ തന്നെ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നതായാണ് സൂചന. നടികര്‍സംഘത്തിന്റെ ഓഫീസ് പണിക്കുള്ള ചെലവ് അഭിനേതാക്കള്‍ സ്വന്തം പോക്കറ്റില്‍നിന്ന് കണ്ടെത്തണമെന്നാണ് അജിത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാതെ അജിത് മാറി നിന്നത്. 

ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ അജിത്തിന്റെ യെന്നൈ അറിന്താല്‍ സിനിമയിലെ ഗാനം പ്ലേ ചെയ്തപ്പോള്‍ വിശാല്‍ ഇടപെട്ട് അത് നിര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്, രാധിക ശരത്കുമാര്‍ തുടങ്ങി നിരവധി ആളുകള്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുത്തിട്ടില്ല.