കൊച്ചി: സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും വര്‍ണവിവേചനവും ജാതി വേര്‍തിരിവുമുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിനായകന്‍. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പാണ് താന്‍ ഇത് തിരിച്ചറിഞ്ഞതെന്നും വിനായകന്‍ പറഞ്ഞു.

വ്യവസ്ഥതിക്കെതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡ് കിട്ടാന്‍ കാരണമെന്നും വിനായകന്‍ പറഞ്ഞു. സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ലെന്ന് ഞാന്‍ തന്നെ വിലയിരുത്തിയിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമില്ലെന്ന് പറയുന്നില്ല. ഓരോ ദിവസം കഴിയുമ്പോഴും ഞാന്‍ അത് അറിഞ്ഞുവരികയാണ്. അവാര്‍ഡ് കിട്ടിയത് കാരണം ഇനി സെലക്ടീവാകുന്നൊന്നുമില്ല. അതിനു മാത്രം സിനിമകളൊന്നും കിട്ടുന്നില്ല-വിനായകന്‍ പറഞ്ഞു.

ജീവിതത്തില്‍ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഞാന്‍ സങ്കടപ്പെട്ടിട്ടില്ല. കടന്നു പോയ ജീവിതമൊന്നും വലിയ പ്രശ്‌നങ്ങളിലൂടെ ആയിരുന്നെന്ന് അഭിപ്രായവുമില്ല. എന്റെ വീടും പരിസരവും എല്ലാവരും കണ്ടതാണല്ലോ. അതിന് മുന്‍പില്‍ റെയില്‍വേ ട്രാക്കാണ്. അത് കടന്നുവന്നാല്‍ ബസ് സ്റ്റാന്റാണ് അവിടെ സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. കഴിക്കാന്‍ ഭക്ഷണമില്ല, താമസിക്കാന്‍ ഒരു കൂര പോലുമില്ല. എനിക്ക് അതെല്ലാം ഉണ്ടോല്ലോ പിന്നെ ഞാന്‍ ആരോട് സങ്കടം പറയും- വിനായകന്‍ കൂട്ടിച്ചേര്‍ത്തു.