പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന അങ്കമാലി ഡയറീസിന്റെ വ്യാജന്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം കൊയ്യുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഫെയ്‌സ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്. 

ചിത്രം കൂടുതല്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിച്ചപ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ശക്തമായി പ്രതികരിച്ചുകൊണ്ട് നിര്‍മാതാവ് വിജയ് ബാബു രംഗത്തു വന്നിട്ടുണ്ട്. തിയേറ്ററില്‍ നിന്ന് ലൈവായി ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചു എന്ന് പറയപ്പെടുന്ന ഒരാളുടെ ചിത്രം വിജയ്ബാബു പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം ചോര്‍ത്തിയവര്‍ ആരായാലും അവരെ വെറുതെ വിടില്ലെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.