കൊച്ചി: 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ മുഖത്തേക്ക് നോക്കാറില്ലെന്ന ഫഹദ് ഫാസില്‍. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന 'ടേക്ക് ഓഫി'ന്റെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഫഹദ്. 

'നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവല്‍ക്കരിച്ചാലും മതിയാകില്ല. ടേക്ക് ഓഫിന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. 22 ഫീമെയില്‍ കോട്ടയത്തിന് നഴ്സുമാര്‍ എന്റെ മുഖത്ത് നോക്കാറില്ല. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിനായി കോട്ടയത്തെ ഒരു ഹോസ്പിറ്റലില്‍ പോയി. അവിടുത്തെ ഹെഡ് നഴ്‌സ് എന്നെ കണ്ടപ്പോള്‍ ഞെട്ടി 'ഈശോ' എന്ന് വിളിച്ച് ഒരു സ്‌റ്റെപ്പ് പിറകിലേക്ക് പോയി. അതിന്റെ ഒരു തെറ്റു തിരുത്തലാണ് ടേക്ക് ഓഫ്.'- ഫഹദ് പറഞ്ഞു.

ലിസി ആശുപത്രിയുമായുള്ള ബന്ധം വെളിപ്പെടുത്തിയായിരുന്നു കുഞ്ചാക്കോ ബോബന്‍ പ്രസംഗിച്ചത്. താന്‍ ജനിച്ചു വീണ ആസ്പത്രിയില്‍ തന്നെ ടേക്ക് ഓഫിന്റെ പ്രചരണത്തിനെത്തിയത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അകാലത്തില്‍ പൊലിഞ്ഞ യുവ സംവിധായകന്‍ രാജേഷ് പിള്ളയുടെ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ടേക്ക് ഓഫ്. പിന്നീട് മഹേഷ് നാരായണന്‍ ഏറ്റെടുത്ത് ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.