നടി ശ്രീദേവിയുടെ മരണം നല്‍കിയ ഞെട്ടലില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും. ശ്രീദേവിയുടെ മരണത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും അവയെ പാടേ തള്ളിയാണ് ശ്രീദേവിയുടേത് അപകട മരണമാണെന്നും മരിച്ചത് കുളിമുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിയാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നത്.  അതോടെ ചിലര്‍ ഭര്‍ത്താവു ബോണി കപൂറില്‍ സംശയ ദൃഷ്ടി പായിച്ചു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന വാര്‍ത്തയും  ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തതും പുറത്തു വന്നതോടെ  ആ സംശയം അവര്‍ ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ മറ്റു ദുരൂഹതകള്‍ ഒന്നുമില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും ദുബായ് പോലീസിന്റെ അറിയിപ്പ് വന്നതോടെ ഊഹാപോഹങ്ങള്‍ക്ക് വിരാമമായി.

പ്രിയതമയുടെ വിയോഗവും തന്റെ നേര്‍ക്ക് വന്ന ആരോപണങ്ങളും ബോണി കപൂര്‍ എന്ന മനുഷ്യനെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. എന്നാല്‍ ഇതുവരെ ശ്രീദേവിയുടെ മരണം സംബന്ധിച്ച് യാതൊരു  പ്രതികരണവും ബോണി കപൂറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.  ഈ സാഹചര്യത്തില്‍ അന്നേ ദിവസം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് ബോണി കപൂര്‍  തന്നോട് ഉള്ളുതുറന്നതായി ഉറ്റ സുഹൃത്തും ചലച്ചിത്ര വ്യാപാര വിദഗ്ധനുമായ കോമള്‍ നഹ്ത വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ബ്ലോഗിലൂടെയാണ് അന്നേ ദിവസം നടന്നതെന്തെന്ന് കോമള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

"റാസ് അല്‍ ഖൈമയില്‍ വച്ച് ഫെബ്രുവരി 20ന്  നടന്ന അനന്തരവന്റെ വിവാഹത്തിന് ശേഷം മകള്‍ ജാന്‍വിയ്ക്ക് വേണ്ടി ഷോപ്പിംഗ് ചെയ്യുന്നതിനായി കുറച്ചു ദിവസം കൂടി ദുബായില്‍ തുടരാന്‍ തീരുമാനിച്ച ശ്രീദേവിയ്ക്ക് ഒരു സര്‍പ്രൈസ്  നല്‍കണമെന്ന് ബോണി കപൂര്‍ ആഗ്രഹിച്ചിരുന്നു. 22ന് ലഖ്‌നൗവില്‍ നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ബോണി കപൂര്‍ ഇന്ത്യയിലേക്ക് വരികയും ശ്രീദേവി ദുബായില്‍ തുടരുകയും ചെയ്തു.
 
ഇരുപത്തിനാലാം തിയ്യതി രാവിലെ ബോണി കപൂര്‍ ശ്രീദവിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.  'പപ്പാ ഞാന്‍ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു'. ശ്രീദവി ബോണിയോട് പറഞ്ഞു. എന്നാല്‍ വൈകുന്നേരം  താന്‍ ദുബായിലേക്ക് വരുന്നുണ്ടെന്ന് പറയാതെയാണ്  ബോണി അപ്പോള്‍ ഫോണ്‍ വച്ചത്.  ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിനിടയ്ക്ക് ഇതിന് മുന്‍പ് ആകെ രണ്ടു തവണ മാത്രമേ ശ്രീദേവി ബോണിയെ കൂടാതെ വിദേശയാത്ര നടത്തിയിട്ടുള്ളൂ. 
 
വൈകുന്നേരം മൂന്നരയ്ക്കുള്ള ഫ്‌ളൈറ്റിലാണ് ബോണി ദുബായിലേക്ക് പോയത്. ദുബായ് സമയം 6 :20ന് അവിടെ എത്തിച്ചേരുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച്  ബോണി ഹോട്ടല്‍ റൂമിന്റെ വാതില്‍ തുറന്നു. എന്നാല്‍ തന്നെ കാണാന്‍ പപ്പാ വരുമെന്ന് ഉറപ്പായിരുന്നുവെന്നാണ് ബോണിയെ കണ്ട ശ്രീദേവി പറഞ്ഞത്.

ജാന്‍വിക്കുള്ള ഷോപ്പിംഗ് മറ്റൊരിക്കലേക്ക് മാറ്റിവച്ച് ഇരുവരും ഒന്നിച്ചൊരു ഡിന്നറിന് പോകാമെന്ന് ബോണി ശ്രീദേവിയോട് പറഞ്ഞു. പുറത്ത് പോകാന്‍ ഒരുങ്ങുന്നതിനായി ശ്രീദേവി കുളിമുറിയിലേക്കും ബോണി സ്വീകരണ മുറിയിലേക്കും പോയി.  അന്ന് ശനിയാഴ്ച ആയതിനാല്‍ റെസ്റ്റോറന്റുകളില്‍ തിരക്കായിരിക്കും. അതിനാല്‍ ഇരുപത് മിനുട്ട് കഴിഞ്ഞും ശ്രീദേവിയെ കാണാതായപ്പോള്‍ ബോണി അസ്വസ്ഥനായി. അപ്പോള്‍ സമയം ഏതാണ്ട് എട്ടുമണിയായികാണും.

sridevi
കോമള്‍ നഹ്തയുടെ ബ്ലോഗ്

ശ്രീദേവിയെ ബോണി സ്വീകരണ മുറിയില്‍ നിന്നും  കുറെ വിളിച്ചു നോക്കി. മറുപടി കിട്ടാതായപ്പോള്‍  കുളിമുറിയുടെ വാതിലില്‍ തട്ടി നോക്കി. അകത്തു നിന്നും പൈപ്പില്‍ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കുറെ തവണ വിളിച്ചിട്ടും അനക്കം കേള്‍ക്കാതായപ്പോള്‍ എന്തോ പന്തികേട് തോന്നി. അകത്തു നിന്നും വാതില്‍ കുറ്റി ഇട്ടിരുന്നില്ല. അതിനാല്‍ തള്ളിയതും വാതില്‍ തുറന്നു. നോക്കിയപ്പോള്‍ ബാത്ടബ്ബില്‍ ശരീരം മുഴുവനും വെള്ളത്തില്‍ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. 

ശ്രീദേവിക്ക് ആദ്യം മുങ്ങിയതിന് ശേഷം ബോധം നഷ്ടപെട്ടതാണോ അതോ ബോധം നഷ്ടപ്പെട്ടു വീണപ്പോള്‍ മുങ്ങിയതാണോ എന്ന് ആര്‍ക്കും അറിയില്ല. പക്ഷെ രക്ഷപ്പെടുന്നതിനായി പ്രയത്‌നിക്കാനുള്ള അവസരം ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നില്ല. കാരണം മുങ്ങുന്ന സമയത്ത് വെപ്രാളത്തില്‍ കൈകാലുകളിട്ടടിച്ചിരുന്നെങ്കില്‍ ടബ്ബില്‍ നിന്നും വെള്ളം കുറച്ചെങ്കിലും താഴെ പോയേനെ. എന്നാല്‍ ടബ്ബിന് പുറത്തല്ലാതെ കുളിമുറിയുടെ തറയില്‍ ഒരു തരി വെള്ളം പോലും ഉണ്ടായിരുന്നില്ല. ആ നിഗൂഢത ഇനി ചുരുളഴിയാന്‍ പോകുന്നില്ല. പക്ഷെ അതെല്ലാം ശ്രീദേവിയുടെ ഉറ്റവര്‍ക്ക് ഇനി അപ്രസക്തമാണ് . കാരണം ലക്ഷങ്ങളുടെ ചങ്കിടിപ്പായിരുന്ന ആ മഹാപ്രതിഭ ഇന്ന്  ജീവനോടെയായില്ല ആ സത്യം മാത്രമേ അവരെ ഇന്ന് ബാധിക്കുന്നുള്ളൂ".. കോമള്‍ പറയുന്നു