ഫ്ലാഷ് ബാക്കുകളാണ് കഥപറച്ചിലില്‍ സിനിമാക്കാരുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്ന്. എന്നാലിപ്പോള്‍ തിരിഞ്ഞുകുത്തുന്ന ഫ്ലാഷ്ബാക്കുകള്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും ഉറക്കംകെടുത്തുന്ന കാഴ്ചയാണ് മലയാളസിനിമയുടെ അഭ്രപാളിയില്‍ ഇപ്പോള്‍ തെളിയുന്നത്.

ദിലീപിന്റെ അറസ്റ്റോടെ വെളിപ്പെടുത്തലുകളുടെ ഒരു കുത്തൊഴുക്കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് വീണ തക്കത്തിന് വരുന്ന ഏകപക്ഷീയമായ വെളിപ്പെടുത്തലുകളായി ഇതിനെ തള്ളിക്കളയാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. പഴയ ചില ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വരുന്നുണ്ട്. ഇതാണ് ഇപ്പോള്‍ സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതും.

അന്തരിച്ച നടന്‍ തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു ആരോപണം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. നടന്‍ ശ്രീനാഥിന്റേത് ആത്മഹത്യയല്ല. കൊലപാതകമാണെന്ന് ഒരു പൊതുവേദിയില്‍ തിലകന്‍ പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശ്രീനാഥിന്റേത് ഒരു കൊലപാതകമാണെന്ന് പല സുഹൃത്തുക്കളും തന്നോട് പറഞ്ഞിരുന്നെന്നും ശ്രീനാഥ് താരസംഘടനയായ അമ്മയില്‍ നിന്ന് വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും തിലകന്‍ ശ്രീനാഥിന്റെ ഒരു അനുസ്മരണ യോഗത്തില്‍ പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സംഭവം ഭയം കാരണം പുറത്തുപറയാന്‍ ആരും തയ്യാറല്ല. നാളെ സിനിമയില്‍ കാണില്ല എന്നാണ് ഒരാള്‍ അതിന് കാരണം പറഞ്ഞത്.

ശ്രീനാഥിന്റേത് അസ്വാഭാവിക മരണമാണെന്നും അതില്‍ ദുരൂഹത ഉണ്ടെന്നും ഞാൻ വിളിച്ചുപറഞ്ഞിരുന്നു. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ശ്രീനാഥ് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നോ അമ്മ സംഘടനയില്‍ നിന്നോ ആരും വന്നില്ല. തന്റെ ഭര്‍ത്താവിനെ കൊണ്ടുപോയപോലെ തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞ് ഭാര്യ ബഹളം വച്ചപ്പോള്‍ ഒരു സിനിമാക്കാരനും ഒരു നടന്റെ സഹായിയുമായ ഒരാൾ പറഞ്ഞത് അവർക്ക് മയങ്ങാന്‍ എന്തെങ്കിലും ഗുളിക കൊടുക്കാനാണ്. ശ്രീനാഥിന്റെ ഭാര്യയെ മയക്കി മൃതദേഹം സംസ്‌കരിച്ചിട്ട് അവര്‍ക്ക് എന്താണ് കിട്ടാനുള്ളത്. കോതമംഗലത്ത് മരിച്ചയാളെ അടുത്തുള്ള കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ കൊണ്ടുപോകാതെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് അമ്മയുടെ ട്രഷററുടെ ഭാര്യ അവിടെ ഫോറന്‍സിക് വകുപ്പില്‍ ജോലി ചെയ്യുന്നത് കൊണ്ടാണ്. എന്തും ചെയ്യാന്‍  മടിക്കാത്ത കുറേ അംഗങ്ങളാണ് അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലുള്ളത്. അവർ മാത്രമാണ് ഇന്ന് സിനിമയിലുള്ളത്. പിടിച്ചുനില്‍ക്കാന്‍ അവര്‍ എന്തും ചെയ്യും. എന്ത് ദ്രോഹവും അവര്‍ ചെയ്യും. ഞാന്‍ അതിന്റെ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ്-എന്നൊക്കെയായിരുന്നു തിലകന്‍ അന്ന് പ്രസംഗിച്ചത്. ശ്രീനാഥിന് പുറമെ ഒരു ലൈറ്റ് ബോയും മറ്റൊരു ജോലിക്കാരനും ഇതുപോലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും തിലകന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇത്രയും ഗുരുതരമായ ഒരു ആരോപണം ഇത്രയും മുതിര്‍ന്ന ഒരു നടന്‍ പരസ്യമായി ഉന്നയിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു കേസ് പോലും എടുക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഒരന്വേഷണവും നടന്നില്ല.

ഈ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും തലപൊക്കിയത് യാദൃശ്ചികമായല്ലെന്നു തന്നെയാണ് സിനിമാലോകത്തെ വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ആരോ മറഞ്ഞിരുന്ന് അലമാരയില്‍ നിന്ന് പഴയ അസ്ഥികൂടങ്ങള്‍ വലിച്ചിടുകയാണെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

കോതമംഗലത്ത് മോഹൻലാൽ നായകനായ ശിക്കാറിന്റെ ചിത്രീകരണത്തിനിടെയാണ് ശ്രീനാഥിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏതാനും രംഗങ്ങൾ ചിത്രീകരിച്ചശേഷമായിരുന്നു ശ്രീനാഥ് മരിച്ചത്. ശ്രീനാഥ് ചെയ്ത ചായക്കടക്കാരന്റെ വേഷം പിന്നീട് ലാലു അലക്സാണ് അഭിനയിച്ച് മുഴുമിപ്പിച്ചത്.

ശ്രീനാഥ് മാത്രമല്ല, നിരവധി താരങ്ങളും സിനിമാപ്രവര്‍ത്തകരും ഇതുപോലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഇതിലെല്ലാം  വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കും എന്നൊരു ആശങ്ക ഒരുപാട്പേര്‍ വച്ചുപുലര്‍ത്തുന്നുണ്ട് ചലച്ചിത്ര ലോകത്ത്.

ഇത്തരം ദുരൂഹ മരണങ്ങള്‍ക്ക് മലയാളത്തിൽ ഒട്ടും പഞ്ഞമുട്ടായിട്ടില്ല. ദിലീപിന്റെ ഉറ്റമിത്രം കൂടിയായിരുന്ന കലാഭവന്‍ മണിയുടെ മരണം ഇപ്പോഴും ഒരു സമസ്യയായി തുടരുകയാണ്. മണി മരിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും അത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയിട്ട് രണ്ട് മാസമായിട്ടും കാര്യമായ പുരോഗതി ഉണ്ടായതായി അറിവില്ല. മണിയുടെ ഉറ്റ മിത്രങ്ങളായ ചില നടന്മാര്‍ പോലും സംശയത്തിന്റെ മുള്‍മുനയിലായ സംഭവമായിട്ടും കേസന്വേഷണത്തിന് വലിയ പുരോഗതി ഇല്ലാത്തതും ദുരൂഹമാണ്.

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയ സന്തോഷ് ജോഗി, ഉര്‍വശിയുടെ സഹോദരന്‍ നന്ദു, നിര്‍മാതാവ് അജയ് കൃഷ്ണന്‍, നടികളായ വിജയശ്രീ, സില്‍ക്ക് സ്മിത, ശോഭ, മയൂരി, സീരിയൽതാരം പ്രിയങ്ക... ആ പട്ടിക നീണ്ടതാണ്. ഈ മരണങ്ങളുടെ കാരണം ഇന്നും ഒരു സമസ്യയായി തുടരുകയാണ്. പലതും ഇന്നും  അന്വേഷിക്കപ്പെട്ടില്ല. അന്വേഷിച്ചവയാവട്ടെ എങ്ങുമെത്താതെ നിലയ്ക്കുകയും ചെയ്തു.

ഇതിന് പുറമെ ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെയും ഒരു നീണ്ടനിരയുണ്ട് മലയാള സിനിമയില്‍. ഉണ്ണിമേരി, ചാര്‍മിള എന്നിവരുടെ ആത്മഹത്യാശ്രമങ്ങള്‍ അങ്ങാടിപ്പാട്ടാണ്. ആത്മഹത്യ ചെയ്യുകയോ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തവരില്‍ നടന്മാരുടെ ഭാര്യമാരുമുണ്ട്. ഇവയിൽ പലതും പരസ്പരം ബന്ധപ്പെട്ടതായിട്ടും അന്വേഷിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല. ഒന്നും കൂട്ടിച്ചേർക്കപ്പെടുകയോ കൂട്ടിവായിക്കപ്പെടുകയോ ചെയ്തില്ല.

ഇതിന് പുറമെ ദുരൂഹ സാഹചര്യത്തിൽ ട്രെയിനില്‍ നിന്ന് വീണുമരിച്ചവരുമുണ്ട് സിനിമാലോകത്ത്. ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റവരുണ്ട്. സംഗീതസംവിധായകന്‍ ജോണ്‍സണ്‍ ഇതുപോലെ ട്രെയിനില്‍ നിന്നു വീണ് ജീവന്‍ തിരിച്ചുകിട്ടിയ ആളാണ്. ഇതൊരു അപകടമല്ലെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, ആ വഴിക്കൊന്നും ഒരു അന്വേഷണവും നടന്നില്ല.

മരണങ്ങള്‍ മാത്രമല്ല, സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട പല വാഹനാപകടങ്ങളും സംശത്തിന്റെ നിഴലിലായിരുന്നു. ജഗതി ശ്രീകുമാറിന്റെ അപകടം തന്നെ അതില്‍ പ്രധാനം. ജഗതിയുടേത് ഒരു സാധാരണ അപകടമല്ലെന്നും അതിന് പിന്നില്‍ പല ഉന്നതര്‍ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നതാണ്. എന്നാല്‍, ഈ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും സിനിമാരംഗത്തുള്ളവര്‍ പോലും കാര്യമായി ചെവി കൊടുത്തില്ല. ആ വഴിക്ക് അന്വേഷണങ്ങള്‍ നടന്നതുമില്ല. അതിനുവേണ്ടി ആരും ആവശ്യം ഉന്നയിച്ചതുമില്ല.

ക്യാമറയ്ക്ക് പിറകിലെ ദുരനുഭവങ്ങള്‍ കാരണം പാതിവഴിയില്‍ അഭിനയം നിര്‍ത്തിയവരുടെ കഥയും ഇപ്പോൾ ദുരൂഹമായി തുടരുകയാണ്. ഇവര്‍ക്കെല്ലാം പറയാൻ കേള്‍ക്കാൻ അത്ര സുഖകരമല്ലാത്ത കാര്യങ്ങളുണ്ടെന്ന് വ്യക്തം. പാര്‍വതിയെപ്പോലുള്ളവര്‍ ഇപ്പോള്‍ തന്നെ ചില ആരോപണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ വഴി ആരൊക്കെ പിന്തുടരുമെന്ന് ആശങ്കപ്പെടുന്ന വമ്പന്‍ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും യഥേഷ്ടമുണ്ട്.

ഇങ്ങിനെ കുഴിച്ചുമൂടപ്പെട്ട സത്യങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് മലയാളത്തിന് മാത്രം അവകാശപ്പെടാന്‍. നിശബ്ദരാക്കപ്പെട്ട ശബ്ദങ്ങളുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇതില്‍ ഏതൊക്കെ കുഴിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കണ്ടുതന്നെ അറിയണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശബ്ദരാക്കപ്പെട്ട എത്ര സ്വരങ്ങള്‍ക്ക് വീണ്ടും ജീവന്‍വയ്ക്കുമെന്നും കണ്ടറിയണം. ഇതിനുള്ള എല്ലാം തികഞ്ഞ സാഹചര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. ഈ ഫ്ലാഷ്ബാക്കുകള്‍ മലയാള സിനിമയിലെ പ്രമുഖര്‍ക്ക് കാത്തുവച്ചത് സുഖകരമായ ഒരു ക്ലൈമാക്സ് അല്ലെന്ന് ഉറപ്പാണ്.