കൊല്‍ക്കത്ത: മൊട്ടയടിച്ചിട്ടും ബാങ്ക്‌വിളിക്കെതിരായ ഗായകന്‍ സോനു നിഗമിന്റെ അഭിപ്രായ പ്രകടനത്തെ ചൊല്ലിയുള്ള വിവാദം അടങ്ങുന്നില്ല. ബാങ്ക്‌വിളിക്കെതിരെ പ്രസ്താവന നടത്തുകവഴി ഭരണഘടനാലംഘനം നടത്തിയ സോനു നിഗം രാജ്യം വിടണമെന്ന് പശ്ചിമ ബംഗാളിലെ മുസ്ലീം പണ്ഡിതന്‍ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റാണ് ക്വാദെരി.

സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിരുന്നു ക്വാദെരി. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്വയം തല മുണ്ഠനം ചെയ്താണ് സോനു നിഗം വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ ബാങ്ക്‌വിളിക്കെതിരെയോ ഏതെങ്കിലും പ്രത്യേക മതത്തിനെതിരെയോ അല്ല മതവിശ്വാസം നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കുന്നതിനെതിരെയാണ് സംസാരിച്ചത് എന്നായിരുന്നു തല മുണ്ഠനം ചെയ്‌തെത്തിയ സോനു നിഗം പറഞ്ഞത്. 

എന്നാല്‍, ഇതുകൊണ്ടും ക്വാദെരിയുടെ രോഷം അടങ്ങിയിട്ടില്ല. ബാങ്ക്‌വിളിക്കെതിരെ സംസാരിച്ചതു വഴി സോനു നിഗം മതവികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. ഇതിന് എത്രയും പെട്ടത് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടത്. താന്‍ മുന്നോട്ടുവച്ച് മറ്റ് കാര്യങ്ങള്‍ കൂടി ചെയ്താല്‍ മാത്രമേ വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ നല്‍കുകയുള്ളൂ. സോനു നിഗം മൊട്ടയടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. കഴുത്തില്‍ ചെരുപ്പ്മാല അണിയുകയും അതുമായി രാജ്യം ചുറ്റുകയും കൂടി വേണം. ഇത് രണ്ടും ചെയ്തുകഴിഞ്ഞാല്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറും-ക്വാദെരി പറഞ്ഞു.