ബാങ്ക് വിളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗായകന്‍ സോനു നിഗമിനെ പിന്തുണച്ച യുവാവിനെതിരെ ആക്രമണം. മധ്യപ്രദേശിലെ ഗോപാലപുര സ്വദേശിയായ ശിവം റായ് എന്ന യുവാവാണ് ആക്രമ്ണത്തിന് ഇരയായത്. 

ബുധനാഴ്ച രാവിലെ ശിവം റായിയുടെ വീട്ടിലെത്തിയ ആക്രമികള്‍ അയാളെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദ കൊടുങ്കാറ്റിനാണ് തിരി കൊളുത്തിയത്. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു.

ഗായകനെ അനുകൂലിച്ച് ശിവം റായ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദ് നഗോരി, ഫൈസാന്‍ ഖാന്‍ എന്ന രണ്ടുപേര്‍ അയാളെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നേരിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നുവെന്നാണ് റായ് പറയുന്നത്. പോലീസിന് ഇതുവരെ അക്രമികളെ പിടികൂടാനായിട്ടില്ല.