ര്‍ത്തകി, ഗായിക, നൃത്താധ്യാപിക.. വീട്ടമ്മയുടെ റോളില്‍ തിളങ്ങുമ്പോഴും ശാന്തി ബിജിബാല്‍ സര്‍ഗാത്മകയുടെ വഴിയില്‍ തന്റേതായ ചെരാതുകള്‍ തെളിച്ചിരുന്നു, നിശബ്ദമായി. ഏറെ ഒച്ചപ്പാടുകളുണ്ടാക്കാത്ത പ്രസന്നമായ പ്രകൃതമായിരുന്നു അവരുടേതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവരുടെ കലയും അത്തരത്തിലുള്ളതായിരുന്നെന്ന് കാലം പറയുന്നു. 

ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പൊടുന്നനെ അണഞ്ഞുപോയത് സംഗീത സംവിധായകന്‍ ബിജിബാലിന്റെ 'ഭാര്യ' മാത്രമായിരുന്നില്ല. ഇനിയുമേറെ ഉയരങ്ങളിലേക്ക് മുന്നേറാവുന്ന ഒരു കലാകാരി കൂടിയായിരുന്നെന്ന് ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും.

നൃത്തവും സംഗീതവും ചെറുപ്പം മുതലേ അവര്‍ക്കൊപ്പമുണ്ടായിരുന്നു. വിവാഹവും കുടുംബവുമായപ്പോഴും അവര്‍ അത് നഷ്ടമാകാതെ കാത്തു. ഭാര്യയുടെ അഭിരുചികള്‍ ബിജിബാലിന് പലപ്പോഴും ജീവിതത്തിലെന്നപോലെ കരിയറിലും താങ്ങായി. 

ബിജിബാല്‍ ഒരുക്കിയ 'കൈയൂരുള്ളൊരു സമര സഖാവിന്' എന്ന ആല്‍ബത്തില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം ബിജിബാലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ 'സകലദേവ നുതേ'യിലും നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ശാന്തിയായിരുന്നു. 

'ഏറെ മുന്നേറേണ്ട ആളായിരുന്നു ശാന്തി. ഇപ്പോള്‍ നഷ്ടമായത് ബിജിബാലിന്റെ ശക്തിയാണ്' - ഗാനരചയിതാവും ബിജിബാലിന്റെ കുടുംബസുഹൃത്തുമായ സന്തോഷ് വര്‍മ പറയുന്നു. 'സകലദേവ നുതേ'യുടെ വരികളും സന്തോഷിന്റേതാണ്.

ബിജിബാലും കുടുംബവുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. കാണുന്ന അന്നുമുതല്‍ ഇന്നുവരെ ഒരേ രീതിയില്‍ നിഷ്‌ക്കളങ്കമായി പെരുമാറിയിരുന്ന ആളാണ് ശാന്തി. ഞാനും ബിജിബാലും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള പല ഗാനങ്ങളുടെയും കോറസില്‍ ശാന്തിയുടെ ശബ്ദവുമുണ്ട്. ശാന്തിയുടെ പെട്ടെന്നുള്ള വേര്‍പാട് ഒരു ഞെട്ടലാണ്. ജീവിതം എത്ര നൈമിഷികമാണെന്നാണ് അവരുടെ മരണം നമ്മെ ഓര്‍മിപ്പിക്കുന്നത് -സന്തോഷ് പറയുന്നു.

രഞ്ജിത് ശങ്കര്‍ സംവിധാനത്തില്‍ ഈ വര്‍ഷമിറങ്ങിയ 'രാമന്റെ ഏദന്‍തോട്ടം' എന്ന ചിത്രത്തിന്റെ കോറിയോഗ്രഫിയും നിര്‍വഹിച്ചിട്ടുണ്ട് ശാന്തി. ചിത്രത്തിലെ പല നൃത്തരംഗങ്ങളിലും ശാന്തിയെ കാണാം. നേട്ടങ്ങളുടെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങുമ്പോഴാണ് മുപ്പത്താറാം വയസില്‍ അവര്‍ പൊടുന്നനെ മറഞ്ഞത്.