കന് തൈമുര്‍ എന്ന് പേരിട്ടതിന് ചില്ലറയല്ല പഴി കേള്‍ക്കേണ്ടിവന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഭാര്യ കരീന കപുറും. മകന് രക്തദാഹിയായ മംഗോളിയന്‍ അധിനിവേശക്കാരന്റെ പേരിട്ടുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പിച്ചുച്ചീന്തി മന്‍സൂര്‍ അലി ഖാന്റെ മകനെ. എന്നാല്‍, മതത്തിന്റെ കാര്യത്തില്‍ തനിക്ക് ഒരു പിടിവാശിയുമില്ലെന്ന് മകനിലൂടെ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് സെയ്ഫ്. മകന് വലുതായാല്‍ അവന് വേണ്ട മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സെയ്ഫ് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ തന്നെ ഇഷ്ടപ്പെട്ട പേരായതിലാണ് മകന് തൈമുറെന്നിട്ടതെന്നും സെയ്ഫ് പറഞ്ഞു. എന്റെ സംസ്‌കാരവുമായി ചേര്‍ന്നു പോകുന്നതുകൊണ്ടാണ് ആ പേരിട്ടത്. അതൊരു ചരിത്രപുരുഷന്റെ പേരാണെന്ന് അറിയാം. എന്നാല്‍, 900 വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ. അതിനെയും മകന്റെ പേരിനെയും ബന്ധിപ്പിക്കുന്നത് എന്തിന്. എനിക്ക് അതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല. അതുകൊണ്ട് തന്നെ അതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കാര്യമാക്കുന്നുമില്ല.

മകനെ രാജ്യത്തിന്റെ ശരിയായ ഒരു അംബാസിഡറാക്കാനാവും ഞാനും ഭാര്യയും ശ്രമിക്കുക. അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അവനൊരു സ്വതന്ത്ര ചിന്താഗതിക്കാരനും തുറന്ന മനസ്സുള്ളവനും സാധാരണക്കാരനുമായി വളര്‍ന്നുവരണമെന്നാണ് എന്റെ ആഗ്രഹണം-സെയ്ഫ് പറഞ്ഞു.

ഞാന്‍ തൈമുറിന് ഒരു സുഹൃത്തും വഴികാട്ടിയും തത്വചിന്തകനുമാണ്. വല്ലാത്ത വാത്സല്യമാണ്  എനിക്ക് അവനോട്. കുട്ടികളുമായി അടുപ്പം സ്ഥാപിക്കാന്‍ പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാണ്. കുട്ടികളെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് കാരണം അവരുമായി കൂടുതല്‍ നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ മാത്രമേ പുരുഷന്മാര്‍ക്ക് അവരുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിയൂ. മകനോടുള്ള എന്റെ സ്‌നേഹം ഇങ്ങനെ പരസ്യമായി പ്രഖ്യാപിക്കേണ്ടിവരുന്നത് ഒരു നല്ല കാര്യമല്ല. എന്റെ എല്ലാ മക്കള്‍ക്കും രക്ഷകനായി ഞാനുണ്ട്. ഞാന്‍ അവരുടെ ഡയപ്പര്‍ മാറ്റുന്നുണ്ടോ എന്നത് ഒരു പ്രശ്‌നമല്ല. എന്റെ അച്ഛന്‍ ഞങ്ങളുടെ ഡയപ്പര്‍ മാറ്റിത്തന്നിട്ടില്ല. എങ്കിലും ലോകത്തില്‍ ഏറ്റവും മികച്ച അച്ഛന്‍ അദ്ദേഹമാണെന്ന് ഞാന്‍ പറയും. എന്തിനും ഏതിനും ഞങ്ങള്‍ അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. വിളിക്കുമ്പോള്‍ അദ്ദേഹം വിളിപ്പുറത്തുണ്ടായിരുന്നു. ഇതാണ് പ്രധാനപ്പെട്ട കാര്യം.