ച്ഛന്റെയും അമ്മയുടെയും ചുവടുപിടിച്ച് കല്ല്യാണിയും സിനിമയിലേയ്ക്ക്. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകള്‍ കല്ല്യാണിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം പക്ഷേ, മലയാളത്തിലല്ല തെലുങ്കിലാണെന്നു മാത്രം. സൂപ്പര്‍താരം നാഗാര്‍ജുന്റെ ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്ല്യാണിയുടെ വരവ്. വിക്രം കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിയന്റെ ഉറ്റമിത്രവും ഭാഗ്യനായകനുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വെള്ളിത്തിരയില്‍ നായകനായി അരങ്ങേറുമ്പോള്‍ തന്നെയാണ് പ്രിയന്റെ മകളും നായികയായി വെള്ളിത്തിരയിലെത്തുന്നത് എന്നൊരു യാദൃശ്ചികതകൂടിയുണ്ട്. 

ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം കഴിഞ്ഞ വര്‍ഷം നാട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വിക്രമും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ പാതയിലാണ് മകളുടെ സഞ്ചാരമെന്ന്  പലരും കരുതിയിരിക്കെയാണ് അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയുടെ വഴിയിലേയ്ക്കുള്ള പെട്ടന്നുള്ള ചുവടുമാറ്റം.

നേരത്തെയും അഭിനയിക്കാനുള്ള നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും അതില്‍ നിന്നൊക്കെ വഴിമാറി നടക്കുകയായിരുന്നു കല്ല്യാണി. ഒരു നല്ല പ്രോജക്ടിനായി കാത്തിരിക്കുകയായിരുന്നു കല്ല്യാണി എന്നാണ് പ്രിയനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

1995ല്‍ ഒരു വയസ്സ് മാത്രമുള്ളപ്പോള്‍ ബേബീസ് ഡെ ഔട്ടിന്റെ തെലുങ്ക് പതിപ്പില്‍ ബാലതാരമായി വെള്ളത്തിരയിലെത്തിയ അഖില്‍ പിന്നീട് 2014ലാണ് വീണ്ടും സിനിമയിലെത്തുന്നത്. 2015ല്‍ അഖില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. അതിലെ അഭിനയത്തിന് മികച്ച നവാഗത നായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

2014 ഡിസംബറിലാണ് ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് പ്രിയനും ലിസ്സിയും വേര്‍പിരിഞ്ഞത്. കല്ല്യാണിയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്. സിദ്ധാര്‍ഥ്.