സിനിമാ സംഘടനകളില്‍ അംഗമല്ലാത്തതിനാല്‍ കടുത്ത അവഗണ നേരിടുന്നുവെന്ന് ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതാപ് ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ഫെഫ്കയില്‍ അംഗമല്ലാത്തതിനാല്‍ നിരവധി സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും സ്വതന്ത്രമായി ജോലിചെയ്യുന്ന സിനിമാ പ്രവര്‍ത്തകര്‍ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്നും പ്രതാപ് ജോസഫ് പറയുന്നു. 

പ്രതാപ് ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ചലച്ചിത്ര അക്കാദമി തിരസ്‌കരിച്ച സിനിമകള്‍ (ഞാന്‍ ചെയ്ത എല്ലാ സിനിമയും)

ഫ്രെയിം 2006 (Short Film 5 minutes) IDSFFK
കാണുന്നുണ്ടോ 2012 ( Short Film 20 minutes) IDSFFK
കുറ്റിപ്പുറം പാലം ( Feature Film 2014) IFFK
അവള്‍ക്കൊപ്പം (Feature Film 2016) IFFK
52 സെക്കന്‍ഡ്‌സ് ( Short Film 2017) IDSFFK
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ (Feature Film 2017) IFFK

ഇന്നലെ ഒരു പുതുമുഖ സംവിധായകനും നിര്‍മ്മാതാവും കൂടി എന്നെ കാണാന്‍ വന്നു. കൊമേഴ്‌സ്യല്‍ റിലീസ് ആഗ്രഹിക്കുന്ന ഒരു സമാന്തര സിനിമയാണ് അവരുടെ ലക്ഷ്യം. ക്യാമറ ഞാന്‍ തന്നെ ചെയ്യണം. മുന്നനുഭവങ്ങളുള്ളതുകൊണ്ട് കാര്യം പറഞ്ഞു, 'സംഘടനയിലൊന്നും മെമ്പറല്ല, മെമ്പര്‍ഷിപ്പെടുക്കാന്‍ ഉദ്ദേശ്യവുമില്ല. പിന്നീട് എന്നെക്കൊണ്ടൊരു ബുദ്ധിമുട്ടുണ്ടാകരുത്'. രണ്ടുപേരുടേയും മുഖം മങ്ങി. വിളിക്കാമെന്നു പറഞ്ഞ് പിരിഞ്ഞു.

രാവിലെ സംവിധായകന്‍ വിളിച്ചു. ഏതെങ്കിലും അംഗീകൃത ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിച്ചതാണോ എന്നു ചോദിച്ചു. ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിച്ചവര്‍ക്ക് ഫെഫ്കയുടെ ഇളവുണ്ടത്രേ, അതല്ലെങ്കില്‍ 50000 രൂപകൊടുത്ത് താല്‍ക്കാലിക മെമ്പര്‍ഷിപ്പെടുക്കണം. ഇല്ല, ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠിച്ചിട്ടില്ല, അംഗീകൃത ക്യമറാമാന്മാരുടെ കൂടെനിന്നും പഠിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് നിങ്ങളീ ചോദിക്കുന്ന 50000, ഒരു സിനിമ ചെയ്തതിനു ഞാന്‍ വാങ്ങിയ ഏറ്റവും വലിയ പ്രതിഫലത്തേക്കാള്‍ കൂടുതലാണ്.

10 സിനിമകള്‍ക്ക് ക്യമറചെയ്യുകയും (ഫെഫ്കയില്‍ മെംബര്‍ഷിപ്പില്ലാത്തതുകൊണ്ട് അതിലേറെ സിനിമകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്)

3 സിനിമകള്‍ സംവിധാനം ചെയ്യുകയും ക്യമറക്ക് അന്തര്‍ദ്ദേശീയ പുരസ്‌കാരമടക്കം കിട്ടുകയും ചെയ്ത ഒരു മനുഷ്യന്റെ കേരളത്തിലെ അവസ്ഥയാണ്...
കൊന്നുകളഞ്ഞുകൂടെ സാര്‍...