പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനത്തില്‍ വിശദീകരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ഗൗരി ലങ്കേഷിന്റേത് ഉള്‍പ്പെടെയുള്ളള കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുകയാണെന്ന തരത്തില്‍ വന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ചെയ്ത ജോലിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാന്‍ ഒരു വിഡ്ഢിയല്ല ഞാന്‍. ആ അവാര്‍ഡുകളില്‍ ഇന്നും അഭിമാനം കൊള്ളുന്നയാളാണ് ഞാന്‍. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ആരാണെന്ന് നമുക്ക് അറിയില്ല. അത് പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, മനുഷ്യത്വരഹിതമായ ഈ കൊലപാതകങ്ങള്‍ ആഘോഷിക്കുന്നത് ആരാണെന്ന് നമുക്ക് അറിയാം. ഇത്തരക്കാരെ പ്രധാനമന്ത്രി പിന്തുടരുന്നതിനെയും ഈ സംഭവത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനത്തെയുമാണ് ഞാന്‍ വിമര്‍ശിച്ചത്. ഇത്തരം വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ മൗനം ഭയപ്പെടുത്തുന്നതും അലോസരമുണ്ടാക്കുന്നതുമാണ്. ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള അവകാശം നമുക്കുണ്ട്-ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രകാശ് രാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഡി.വൈ.എഫ്.ഐ.യുടെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ചത്.

തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി മികച്ച നടന്‍, മികച്ച ചിത്രം എന്നിവയ്ക്കായി അഞ്ച് ദേശീയ അവാര്‍ഡുകളാണ് പ്രകാശ്‌രാജിന് ലഭിച്ചത്.

പ്രകാശ് രാജിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം.

ഞാന്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാന്‍ പോവുകയാണെന്ന് ചാനലുകളില്‍ സ്‌ക്രോള്‍ കണ്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ചെയ്ത ജോലിക്ക് കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാന്‍ ഞാന്‍ വിഡ്ഢിയൊന്നുമല്ല. ഈ അവാര്‍ഡുകളില്‍ ഞാന്‍ ഇന്നും അഭിമാനിക്കുന്നു. എന്നിട്ടും ഇങ്ങനെ എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയുമെല്ലാം കൊലപാതകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. അരാണ് അവരെ കൊന്നതെന്ന് നമുക്ക് അറിയില്ല. അത് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ആരാണ് അതൊക്കെ ആഘോഷിക്കുന്നത് എന്ന് നമുക്ക് അറിയാം. ഈ മനുഷ്യത്വരഹിതമായ കൊലപാതങ്ങള്‍ ആഘോഷിക്കപ്പെടുന്നതില്‍ എനിക്ക് വേദനയുണ്ട്. മനോവിഷമമുണ്ട്. ഈ വേദനയും ആശങ്കയും പങ്കുവച്ചതിനും അതിനെതിരെ പ്രതികരിച്ചതിനും ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടു. എനിക്കെതിരെ അസഭ്യവര്‍ഷമുണ്ടായി. ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് അറിയുന്നത് കൊണ്ട് ഈ സംഭവങ്ങളെ അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഈ വിഷയത്തില്‍ എനിക്ക് ഒരു ചോദ്യമേയുള്ളൂ. ഇതില്‍ ട്വിറ്ററില്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ആളുകളുണ്ട്. എന്നിട്ടും ഇവരോടുള്ള തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. അവരെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയ്ക്ക് എന്നെ മുറിവേല്‍പിക്കുന്നതും എനിക്ക് അലോസരമുണ്ടാക്കുന്നതുമാണ് ഇത്. പ്രധാനമന്ത്രിയുടെ നിശബ്ദതയില്‍ എനിക്ക് ഭയമുണ്ട്. ഞാന്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയിലെ ആളെക്കുറിച്ചല്ല പറയുന്നത്. ഒരു പാര്‍ട്ടിയിലും പെടാത്ത ആളാണ് ഞാന്‍. ഈ രാജ്യത്തെ ഒരു പൗരന്‍ മാത്രമാണ്. ഈ നിലയില്‍ ഞാന്‍ ഒരു പാര്‍ട്ടിയോടുമല്ല, എന്റെ പ്രധാനമന്ത്രിയോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ മൗനം വേദനിപ്പിക്കുന്നു എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ഇത് പറയാനുള്ള അവകാശമുണ്ട് എനിക്ക്. ഇതിന്റെ പേരിലാണ് ഇക്കണ്ട ബഹളങ്ങളെല്ലാം ഉണ്ടാക്കിയത്. ഇതിന്റെ പേരിലാണ് പ്രകാശ്‌രാജ് പ്രതിഷേധസൂചകമായി അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നു എന്നെല്ലാം വാര്‍ത്ത ഉണ്ടാക്കിയത്. എന്നാല്‍, ഇതൊന്നും ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല. ഈ വിഷയത്തില്‍ ചര്‍ച്ച തുടരാനും എനിക്ക് താത്പര്യമില്ല.