ബിഗ് ബോസിനുശേഷം ഓവിയയെ അധികമാരും കണ്ടിരുന്നില്ല. പ്രണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ മാത്രമാണ് നടിയും ബിഗ് ബോസിലെ മുൻ താരവുമായ ഓവിയയെക്കുറിച്ച് നമ്മള്‍ കേട്ടത്. എന്നാലിപ്പോള്‍ പുതിയ വേഷത്തിലും ഭാവത്തിലും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് തമിഴകത്തിന്റെ മനസ്സ് അപഹരിച്ച ഈ മലയാളി പെണ്‍കുട്ടി.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ശരവണ സ്‌റ്റോറിന്റെ ചെന്നൈയിലെ പുതിയ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഓവിയ എത്തിയത്. ബിഗ് ബോസിനുശേഷമുള്ള ഓവിയയുടെ ആദ്യ പൊതു ചടങ്ങായിരുന്നു ഇത്.

ഉദ്ഘാടനത്തിനെത്തിയ ഓവിയക്ക് സൂപ്പർ താരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള വമ്പൻ വരവേല്‍പാണ് ലഭിച്ചത്. ആവേശത്തോടെ, ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ സ്വീകരിച്ചത്. തലൈവി ഓവിയ എന്നായിരുന്നു വിശേഷണം. ഉദ്ഘാടനച്ചടങ്ങ് ഓവിയയുടെ ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഓവിയ ആര്‍മി തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഇതോടെ തമിഴിലെ മുന്‍നിര അഭിനേതാക്കളുടെ നിരയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ് ഏതാനും മലയാളം ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുള്ള ഈ മുന്‍ റിയാലിറ്റി ഷോ താരം.

വന്‍ ആരാധകവൃന്ദമുള്ളതുകൊണ്ട് ഇനിയങ്ങോട്ട് വന്‍ തിരക്കായിരിക്കും ഓവിയക്കെന്ന് ഉറപ്പ്. ഷോറൂം ഉദ്ഘാടനം നല്‍കുന്ന സൂചന അതാണ്.