പ്രതികാര ദാഹിയായി ബോളിവുഡ് താരം ഓംപുരിയുടെ പ്രേതം അലഞ്ഞ് തിരിയുകയാണെന്ന് പാകിസ്താന്‍ ചാനല്‍ ബോല്‍ ന്യൂസ്. ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പാക് ചാനല്‍ അവകാശപ്പെടുന്നു. 

ഓം പുരിയുടെ മരണത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.

ജനുവരി പതിനാലാം തീയ്യതിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മുംബൈയിലെ ഓംപുരിയുടെ വസതിയുടെ മുന്നില്‍ നിന്നുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. പ്രതികാരദാഹിയായി ഓംപുരിയുടെ പ്രേതം വീടിന് ചുറ്റുമലയുന്നു എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. 

വെളുത്ത കുര്‍ത്തയണിഞ്ഞ ഒരു രൂപത്തെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ ആമീര്‍ ലിഗ്വത് പറയുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരി അന്തരിച്ചത്. ഇന്ത്യന്‍ ചാനലായ ആജ് തക്ക് ഈ ദൃശ്യങ്ങള്‍ പുനസംപ്രേഷണം ചെയ്തതോടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.