'മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. ഒന്ന് കാണാന്‍ വരുവോ..' 

സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോകളില്‍ ഒന്നായിരുന്നു ഇത്. ശ്രീകാര്യം, കട്ടേസ കാരുണ്യ വിശ്രാന്തി ഭവന്‍ എന്ന കാന്‍സര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിക്കുന്ന ഒരു അമ്മയ്ക്ക് മലയാളത്തിന്റെ പ്രിയ നടനെ നേരിട്ട് കാണണം എന്നുതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ ലാല്‍ എത്തി ആ അമ്മയെ കാണാനും സംസാരിക്കാനും. 

കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് മോഹന്‍ലാലിനെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന സുഭദ്ര എന്ന ഈ അമ്മയുടെ വീഡിയോ പ്രചരിക്കുന്നത്. തനിക്കും സെന്ററില്‍ കഴിയുന്ന നൂറോളം അമ്മമാര്‍ക്കും മോഹന്‍ലാലിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നാണ് സുഭദ്രാമ്മ പറഞ്ഞത്.

ആഗ്രഹം അറിഞ്ഞ ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ ലൊക്കേഷനില്‍ നിന്ന് എത്തുകയായിരുന്നു. സുഭദ്രാമ്മയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ലാല്‍ കവിളില്‍ ഒരു മുത്തവും നല്‍കി. കാരുണ്യ വിശ്രാന്തി ഭവനിലെ അമ്മമാര്‍ക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിച്ചാണ്‌ ലാല്‍ യാത്രയായത്.