മുഖത്ത് ചായം തേച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും വിരലിലെണ്ണാവുന്ന അന്യഭാഷാ ചിത്രങ്ങളില്‍ മാത്രമേ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ മുഖം കാണിച്ചിട്ടുള്ളൂ. എന്താവും അതിന് കാരണം? മോഹന്‍ലാല്‍ തന്നെ അതിന് ഉത്തരം നല്‍കുന്നു; രാം ഗോപാല്‍ വര്‍മയുടെ കമ്പനി റിലീസ് ചെയ്ത് പതിനഞ്ച് വര്‍ഷമായത് പ്രമാണിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍. ലാലിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു 2002ല്‍ പുറത്തിറങ്ങിയ കമ്പനി. വര്‍മയുടെ തന്നെ ആഗ് (ഷോലെയുടെ റീമേക്ക്) ആണ് രണ്ടാമത്തെ ഹിന്ദി ചിത്രം.

ബോളിവുഡില്‍ പിന്നെയും വരാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഞാന്‍ മാറി നിന്നതോ എനിക്ക് നല്ല തിരക്കഥകള്‍ കിട്ടാത്തതോ അയിരുന്നില്ല കാരണം. എനിക്ക് നല്‍കാന്‍ തിയ്യതി ഇല്ലാത്തതായിരുന്നു കാരണം. വാക്ക് കൊടുക്കാന്‍ കഴിയുന്ന ഒരു അവസ്ഥയിലായിരുന്നില്ല ഞാന്‍. ഒരിക്കല്‍ക്കൂടി ബോളിവുഡിലേയ്ക്ക് വരാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഏതെങ്കിലും നല്ലൊരു അവസരം വരുമെന്ന് ആഗ്രഹിക്കാം. രാംഗോപാല്‍ വര്‍മയ്‌ക്കൊപ്പം വീണ്ടുമൊരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്-അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ തന്നെ ഞാന്‍ അത് സ്വീകരിച്ചു. മുംബൈ അധോലോകത്തെ നന്നായി അവതരിപ്പിച്ച ആ ചിത്രത്തിന്റെ തിരക്കഥയാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. പോരാത്തതിന് ഇന്ത്യന്‍ സിനിമയുടെ അക്കാലത്തെ പുതിയ മുഖമായ രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നതും ഒരു വലിയ കാര്യമായിരുന്നു. ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യം. അത് നിഷേധിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അത് ചെയ്തു കഴിഞ്ഞപ്പോള്‍ വേറിട്ടൊരു വേഷം ചെയ്ത അനുഭവമായിരുന്നു. അതിന് ലഭിച്ചത് പ്രതികരണങ്ങള്‍ സന്തോഷം നല്‍കുന്നതായിരുന്നു, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍.

അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ് എന്നിവര്‍ക്കൊപ്പമുള്ള അഭിനയവും നല്ലൊരു അനുഭവമായിരുന്നു. അവരുടെ അഭിനയമികവും ഡയലോഗുമെല്ലാം എന്റെ അഭിനയം മെച്ചപ്പെടുത്താന്‍ സഹായിച്ചു-മോഹന്‍ലാല്‍ പറഞ്ഞു.