1942: എ ലവ് സ്റ്റോറിയും ബോംബെയും കണ്ടവരുടെ മനസ്സില്‍ നിന്ന് കാലമേറെക്കഴിഞ്ഞാലും മായില്ല മനീഷ കൊയ്രാളയുടെ രൂപം. എന്നാല്‍, കണ്ണാടിയില്‍ സ്വന്തം രൂപം കണ്ട് ഞെട്ടിപ്പോയൊരു കാലമുണ്ടായിരുന്നു ക്യാന്‍സറിനെ പൊരുതിത്തോൽപിച്ച മനീഷയ്ക്ക്.

ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ ഒരു അന്യഗ്രഹജീവിയെപ്പോലെ ഉണ്ടായിരുന്നെന്നാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നര്‍ഗീസായി വേഷമിടുന്ന മനീഷ പറയുന്നത്.

കീമോതെറാപ്പിക്കുശേഷം മുടികൊഴിയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍, എന്റെ രൂപത്തെക്കുറിച്ച് അത്ര ബോധമുണ്ടായിരുന്നില്ല. ക്യാന്‍സര്‍ പോലുള്ള ഒരു രോഗത്തെ അതിജീവിക്കുമ്പോള്‍ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തില്‍ നിന്ന് വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചത്. കീമോതെറാപ്പി കഴിഞ്ഞപ്പോള്‍ എന്റെ മുടിയും പുരികവും കണ്‍പീലികളുമെല്ലാം കൊഴിഞ്ഞു. അന്ന് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു അന്യഗ്രഹജീവിയെ നോക്കുന്നത് പോലെ ഉണ്ടായിരുന്നു-മനീഷ പറഞ്ഞു.

കീമോതെറാപ്പിയുടെ ഫലമായി ശരീരത്തിലെ കോശങ്ങളെല്ലാം നശിച്ചുപോയതിനാല്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് സിനിമാലോകത്തേയ്ക്ക് തിരിച്ചുവരേണ്ടതുണ്ടായിരുന്നു. ഞാന്‍ നേപ്പാളില്‍ ഉള്ളപ്പോഴാണ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി എന്നെ വിളിക്കുന്നത്.

നര്‍ഗീസിന്റെ ചിത്രങ്ങള്‍ കണ്ടും മകള്‍ പ്രിയയോട് സംസാരിച്ചുമാണ് താന്‍ സിനിമയ്ക്കുവേണ്ട തയ്യാറെടുപ്പകള്‍ നടത്തിയതെന്നും മനീഷ പറഞ്ഞു. മെയ് മുതലാണ് മനീഷ ചിത്രത്തിന്റെ ഭാഗമാവുക.