പുതുമുഖങ്ങളെ മാത്രം അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ പോലീസ് അതിക്രമം കാട്ടിയതായി ആക്ഷേപം. സംവിധായകന്‍ തന്നെയാണ് ഫെയസ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചിരിക്കുന്നത്.

മൂവാറ്റുപുഴയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ വച്ച് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് സംഘം മൂവാറ്റുപുഴയിലെത്തിയത്.

അഭിനേതാക്കള്‍ സഞ്ചരിച്ച ഇന്നോവ കാർ ജീപ്പ് ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയാണ് പോലീസ് ഉള്ളിലുള്ളവരെ അധിക്ഷേപിച്ചതെന്ന് ലിജോ പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. നടിയടക്കം വാഹനത്തിലുണ്ടായിരുന്നു. തിയേറ്ററിന് മുന്നിലെ പോസ്റ്ററില്‍ കാണുന്നവരാണ് വാഹനത്തിലുള്ളത് എന്ന കാര്യം പോലും പോലീസ് പരിഗണിച്ചില്ല. തിരിഞ്ഞു നോക്കിയാല്‍ മനസ്സിലാവുന്ന ആള്‍ക്കാരായിട്ടും വണ്ടിക്ക് അകത്ത് എന്താണ് ചെയ്യുന്നതെന്നും നിന്റെയൊക്കെ പേര് പള്‍സര്‍ ടിന്റോ എന്നാക്കണോ എന്നുമൊക്കൊണ് പോലീസ് ചോദിച്ചത്.

ആളുകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടവരാണ് പോലീസ്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ദിനംപത്രി കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് എന്താണ് പറയുക? ലിജോ ജോസ് ചോദിച്ചു.