മോഹന്‍ലാലിനെ പരിഹസിച്ച് ട്വിറ്ററില്‍ ചീത്തവിളി വാങ്ങികുട്ടിയ ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന് മഹാഭാരതത്തില്‍ കൃഷ്ണന്റെ വേഷം ചെയ്യണമെന്ന് ആഗ്രഹം. താനും കൃഷ്ണനും ഉത്തര്‍പ്രദേശില്‍ ജനിച്ചവരാണെന്നും അതുകൊണ്ട് തനിക്ക് കൃഷ്ണനാകാന്‍ താല്‍പര്യം ഉണ്ടെന്നും കെആര്‍കെ പറയുന്നു.

എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് കെആര്‍കെ മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്തെത്തിയത്. പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. തുടര്‍ന്നാണ് ട്വിറ്ററില്‍ കെആര്‍കെക്കെതിരെ ശക്തമായ ആക്രമണം മലയാളികള്‍ അഴിച്ചു വിട്ടത്. 

ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ പ്രഭാസിന് മാത്രമേ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കാന്‍ സാധിക്കുവെന്ന് കെആര്‍കെ പറയുന്നു. മാത്രമല്ല തന്നെ ട്വിറ്ററില്‍ ചീത്തവിളിച്ചവരെ ശക്തമായ ഭാഷയില്‍ പരിഹസിക്കുന്നുമുണ്ട്. 

മഹാഭാരതത്തിന് വേണ്ടി കെആര്‍കെ താരങ്ങളെ നിര്‍ദ്ദേശിക്കുന്നുമുണ്ട്. 'പ്രഭാസ്-ഭീമന്‍, റാണാ ദഗ്ഗുബാട്ടി- ദുര്യോധനന്‍, ആമീര്‍ ഖാന്‍-അര്‍ജുനന്‍, ഷാരൂഖ് ഖാന്‍- കര്‍ണന്‍, റണ്‍ബീര്‍  കപൂര്‍- അഭിമന്യു, സല്‍മാന്‍ ഖാന്‍- ഏകലവ്യന്‍, ദീപിക പദുക്കോണ്‍- ദ്രൗപതി'.

മറ്റുള്ളവരെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുക എന്നത് കമാല്‍ ആര്‍ ഖാന്റെ ശൈലിയാണ്. അജയ് ദേവ്ഗണിന്റെ ശിവായ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിനെ മോശമാക്കി ട്വിറ്ററില്‍ കുറിപ്പെഴുതിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്‌കിലുമായാണ് ശിവായ്ക്ക് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. ശിവായെക്കുറിച്ച് മോശം അഭിപ്രായം പ്രചരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സിനിമാ കെആര്‍കെയ്ക്ക് പണം നല്‍കി എന്നായിരുന്നു അജയിന്റെ ആരോപണം. തെളിവിനായി അജയ് കെആര്‍കെയും ശിവായുടെ നിര്‍മാതാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും പുറത്തുവിട്ടു.