പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ ഉണ്ടായ പോലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തിയതിനാണ് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെ പോലീസ് അതിക്രമം ഉണ്ടായത്. രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പനയ്ക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റ്:

അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി.

രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പനയ്ക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി നിഷേധിക്കുന്നു. തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.

നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും. ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ് .