കോഴിക്കോട്: കണ്ണൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു.

പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതരായി കുടുംബത്തോടെ കഴിയുന്നവരെ ഈ ജോലിക്കായി നിയമിക്കണമെന്നും വിവാഹിതരാവാതെ ഈ ജോലിയില്‍ തുടരുന്നവരെ വന്ധ്യംകരിക്കണമെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്നടിച്ചു. 

സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്കായി കൊണ്ടു നടക്കണം, ''പള്ളിക്കാര്‍ തന്നെ നടത്തുന്ന ആസ്പത്രികള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. '' പീഡനത്തിനിരയായ പെണ്‍കുട്ടി സഭയ്ക്ക് കീഴിലുള്ള ആസ്പത്രിയില്‍ പ്രസവിച്ചത് ചൂണ്ടിക്കാട്ടി ജോയ് മാത്യു പറയുന്നു.

ഇക്കാര്യത്തില്‍ മതമേലധ്യക്ഷന്‍മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്ന് തോന്നിപ്പിക്കുന്ന പേരും വെച്ച് നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം എന്നും പറഞ്ഞാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുക്കുന്നത്.

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാൻ മൂന്ന് വഴികൾ
------------------------------
വികാരി എന്നു പറയുംബോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക്‌ എല്ലാ
വികാരങ്ങളൂമുണ്ടെന്ന്- ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച്‌ പലരൂപത്തിൽ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവർ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച്‌ കാമം കുത്തിവെക്കുംബോൾ-
ഒന്നുകിൽ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം

 

അല്ലെങ്കിൽ പള്ളിവികാരി എന്നത്‌ ഒരു ജോലിയായികണ്ട്‌ വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക്‌ വെക്കണം ഇനി ഇതൊന്നുമല്ലെങ്കിൽ നിർബന്ധമായും വന്ധ്യംകരിക്കുക  സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങൾക്ക്‌ വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും പള്ളിക്കാർത്തന്നെ നടത്തുന്ന ആശുപത്രികൾ ഉള്ളപ്പോൾ സംഗതി എളുപ്പവുമാണു-

ഇക്കാര്യത്തിൽ മത മേലദ്ധ്യക്ഷന്മാർ വേണ്ടത്‌ ചെയ്താൽ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച്‌ നടക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ തലയിൽ മുണ്ടിടാതെ നടക്കാം