കര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി ഇളയരാജ ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീതജ്ഞൻ പാലക്കാട് ശ്രീറാം. ഇളയരാജ അദ്ദേഹത്തിന്റെ പാട്ടുകളുടെ റോയല്‍റ്റി നേരത്തെ സ്വന്തമാക്കിയിട്ടുണ്ടെന്നും നിയമത്തിന്റെ കണ്ണില്‍ അദ്ദേഹം സ്വീകരിച്ച നടപടിയെ കുറ്റപ്പെടുത്താനാവില്ലെന്നും ശ്രീറാം അഭിപ്രായപ്പെട്ടു. 

"ഇളയരാജ സാറിന്റെ പാട്ടുകളുടെ അവകാശം എക്കോ എന്ന കമ്പനിക്കായിരുന്നു. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞപ്പോള്‍ കമ്പനി കരാര്‍ പുതുക്കിയില്ല. തുടര്‍ന്ന് അത് കേസായി. മദ്രാസ് ഹൈക്കോടതിയിയുടെ വിധിയില്‍ പാട്ടുകളുടെ അവകാശം ഇളയരാജ സാറിന് വിട്ടുകൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ അനുവാദമില്ലാതെ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. 

നമുക്ക് എല്ലാവര്‍ക്കും വൈകാരികമായി പ്രതികരിക്കാം എന്ന് മാത്രമേയുള്ളു. സിനിമ പോലെ സംഗീതവും കച്ചവടം തന്നെയാണ്. എന്നാല്‍ പൂര്‍ണമായും കച്ചവട മനോഭാവത്തില്‍ കാണുകയും അതേസമയം തന്നെ സംഗീതം ദൈവമാണെന്ന് പറയുകയും ചെയ്യുന്നതില്‍ അര്‍ഥമില്ല. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. ദീക്ഷിതരുടെയും ത്യാഗരാജ സ്വാമിയുടെ കീര്‍ത്തനങ്ങളുമെല്ലാം ഇളയരാജ സാര്‍ തന്റെ പാട്ടുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിന് അവകാശമില്ലാത്തവയല്ലേ?. 

എസ്.പി.ബിയും രാജാ സാറും ഒരുപാട് കാലത്തെ പരിചയമുണ്ട്. എസ്.പി സാര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. വക്കീല്‍ നോട്ടീസ് വന്നപ്പോഴുള്ള മാനസിക വിഷമത്തെ തുടര്‍ന്ന് പ്രതികരിച്ചതായിരിക്കാം. എന്റെ അറിവില്‍ എസ്.പി.ബി സാര്‍ ഇപ്പോള്‍ 13 ലക്ഷത്തോളം രൂപ അടച്ചുകഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞല്ലോ, കോപ്പിറൈറ്റിനെപ്പറ്റി കാര്യമായ ധാരണയുണ്ടായില്ല എന്ന്. പൊതുവെ ലളിതമായ ജീവിതം നയിക്കുന്ന രാജാ സാറിന് പൈസയ്ക്ക്   ആര്‍ത്തിയുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഡിമാന്റ് കൂടി വന്നപ്പോള്‍ ഒന്നു പിടിച്ചുവെച്ചതായിരിക്കാം."-ശ്രീറാം പറഞ്ഞു.