ഹിറ്റുകൾ അനവധി പിറന്നതുകൊണ്ടു മാത്രമല്ല നടൻ ബിജു മേനോന്റെ ഇത്തവണത്തെ പിറന്നാൾ കേമമായത്. പിറന്നാൾ ആഘോഷത്തിൽ സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഒരു വൻ നിരതന്നെയെത്തി ചങ്ങനാശ്ശേരിയിലെ കോണ്ടർ റിസോർട്ടിൽ. എല്ലാവർക്കും മുന്നിൽ ആർഭാടമായി തന്നെ കേക്ക് മുറിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജുവിന് മധുരം നൽകി. നിഥിന്റെ അച്ഛനും സംവിധായകനും നടനുമായ രൺജി പണിക്കരാണ് ബിജുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ അവതാരകനായത്. ഇനിയ സാറാ ജോണുമായിട്ടായിരുന്നു നിഥിന്റെ വിവാഹം.

സംവിധായകൻ നിഥിൻ രഞ്ജി പണിക്കരുടെ വിവാഹ സത്ക്കാരച്ചടങ്ങിൽ വച്ചായിരുന്നു ബിജുവിന്റെ  പിറന്നാൾ ആഘോഷം. രമേശ് ചെന്നിലയ്ക്ക് പുറമെ വി. എം. സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ,  പി.ടി.തോമസ്, ബെന്നി ബെഹന്നാൻ, വയലാർ രവി, കെ.സി.ജോസഫ്, പി,സി.വിഷ്ണുനാഥ്, ഹൈബി ഇൗഡൻ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നേൽ സുരേഷ്, പി.രാജീവ്, രാജ്മോഹൻ ഉണ്ണിത്താൻ, പന്തളം സുധാകരൻ, സിനിമാ പ്രവർത്തകരായ സുരേഷ് ഗോപി, രഞ്ജിത്ത്, ഫാസിൽ, ഷാജി കൈലാസ്, ജോഷി, സിദ്ധിഖ്, കമൽ, ബി.ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ്, മണിയൻപിള്ള രാജു, കുഞ്ചൻ, എസ്, എൻ.സ്വാമി, ആശാ ശരത്, കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ്, മാതൃഭൂമി പബ്ലിക് റിലേഷൻസ് ചീഫ് മാനേജർ കെ. ആർ. പ്രമോദ് എന്നിവരും പങ്കെടുത്തു.

1995 ല്‍ പുത്രന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിജു മേനോന്‍ മന്നാര്‍ മത്തായി സ്പീക്കിങ്ങിലെ മഹേന്ദ്ര വര്‍മ്മ എന്ന വില്ലന്‍ വേഷത്തിലൂടെയാണ്  ശ്രദ്ധിക്കപ്പെടുന്നത്. 

പിന്നീട് കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്, കണ്ണെഴുതി പൊട്ടുംതൊട്ട്, മധുരനൊമ്പരക്കാറ്റ്, മഴ, മേഘമല്‍ഹാര്‍, ശിവം, മേരിക്കുണ്ടൊരു കുഞ്ഞാട്, ഓര്‍ഡിനറി, വെള്ളിമൂങ്ങ, ലീല എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ വിവിധ വേഷപകര്‍ച്ചകള്‍ക്ക് പ്രേക്ഷകര്‍ സാക്ഷിയായി. 1997, 2010 വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി.