സംഗീതപരിപാടികളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സന്തോഷം പകരുന്ന കപ്പ ടിവിയില്‍ നിന്നും പുതിയൊരു ഷോ- ദി ഹാപ്പിനെസ് പ്രോജക്ട്. എന്താണ് നിങ്ങളെ സന്തുഷ്ടരാക്കുന്നത്? എന്തില്‍ നിന്നാണ് നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നത്? പ്രകൃതി, യാത്ര, ഭക്ഷണം, വിജയം, സിനിമ, മറ്റുള്ളവര്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യുക... ഇങ്ങനെ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. സന്തോഷം പകരുന്ന ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുക, സന്തോഷം പകര്‍ന്നു നല്‍കുക എന്നതാണ് ഈ ഷോയുടെ ഉദ്ദേശ്യം.

സന്തോഷം പകര്‍ന്ന് നല്‍കിയ നിമിഷങ്ങളെക്കുറിച്ചും സന്തോഷകരമായ കാര്യങ്ങളെക്കുറിച്ചും ഷോയില്‍ സെലിബ്രിറ്റീസ് സംസാരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍ അതേക്കുറിച്ച് പറയും. നിങ്ങളുടെ മനസില്‍ സന്തോഷത്തെ കെടുത്തിക്കളയുന്ന കാര്യങ്ങളെക്കുറിച്ച് മന:ശാസ്ത്രജ്ഞന്‍മാരും മറ്റു വിദഗ്ദരും സംസാരിക്കും. സംഗീതജ്ഞരും ബാന്‍ഡുകളും സന്തോഷഭരിതാമായ ഈണങ്ങള്‍ അവതരിപ്പിക്കും. 

നടന്മാരായ ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, നടി പത്മപ്രിയ, സംഗീത സംവിധായകരായ പ്രശാന്ത് പിള്ള, ദീപക് ദേവ്, ഗായകന്‍ ജോബ് കുര്യന്‍, ഗായിക സിതാര, സംവിധായകന്‍ രഞ്ജിത് ശങ്കര്‍, സംരംഭകയായ ബീനാ കണ്ണന്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍, സൈക്കോളജിസ്റ്റ് ഡോ മനോജ്, നര്‍ത്തകിയും ഡബ്​സ്മാഷറുമായ സൗഭാഗ്യ വെങ്കടേഷ്, മ്യൂസിക് ബാന്‍ഡ് വെന്‍ ചായ് മെറ്റ് ടോസ്റ്റ് എന്നിവരാണ് ഈ മാസം ഹാപ്പിനെസ് പ്രോജക്ടില്‍ പങ്കെടുക്കുന്നത്. ധന്യ വര്‍മ അവതരിപ്പിക്കുന്ന ദ് ഹാപ്പിനെസ് പ്രോജക്ട്, എല്ലാ ശനിയാഴ്ചകളിലും രാത്രി 9.30യ്ക്ക് സംപ്രേക്ഷണം ചെയ്യും. ഞായറാഴ്ച്ചകളില്‍ കപ്പ ടി വിയുടെ യൂട്യൂബ് പേജിലും കാണാം.