ചില്ലറ സംഭവമൊന്നുമല്ല ഈ കോഴിക്കോടന്‍ ഹല്‍വ. കോഴിക്കോട്ടെ ഒരു മത്തായി വേറൊരു മത്തായിയുടെ കൈവശം ദുബായിലുള്ള മറ്റൊരു മത്തായിക്ക് കൊടുത്തയച്ചത് ചില്ലറ ഹല്‍വയൊന്നുമല്ല. കാണാനഴകുള്ള ഈ ചുവപ്പു ഹല്‍വയുണ്ടാക്കിയ പൊല്ലാപ്പുകളുടെ കഥയാണ് സസ്പന്‍സിലും ചിരിയിലും പൊതിഞ്ഞ് അജു വര്‍ഗീസ് നായകനായ ഹല്‍വയെന്ന ഹൃസ്വചിത്രം പറയുന്നത്. ക്ലീഷെ ട്വിസ്‌റ്റെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞവസാനിപ്പിക്കുന്ന 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രം ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള പരിഹാസമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. വലിയന്‍ പടങ്ങളെ ശരിയക്കും വെല്ലും നമ്മളെ ചിരിപ്പിക്കുന്ന ഈ കൊച്ചുചിത്രം. കഴിഞ്ഞ ദിവസം യൂട്യൂബിലാണ് ചിത്രം റിലീസ് ചെയ്തത്.

aju

നിഖില്‍ രാമനും ഹാഹിന്‍ റഹ്മാനും ചേര്‍ന്ന് ഒരുക്കിയ ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ നോബി മാര്‍ക്കോസും അബിയും സുപ്രധാനമായ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കോഴിക്കോടിന്റെ മുഖമായ മാമുക്കോയയുടെ ഹാസ്യം കലര്‍ന്ന വിവരണത്തിലൂടെയാണ് കഥ ജനിക്കുന്നതും അവസാനിക്കുന്നതും. എം.കെ.ഷിഹാബിന്റേതാണ് രചന.