ബി അജിത് കുമാര്‍ രചനയും സംവിധാനവും  ചെയ്യുന്ന 'ഈട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരുമായി പങ്കുവയ്ച്ചത്.

കിസ്മത്, സൈറാബാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ ഷൈന്‍ നിഗം ആണ് ചിത്രത്തിലെ നായകന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനാണ് നായിക. ഡെല്‍റ്റ സ്‌റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, രാജേഷ് ശര്‍മ്മ, സുധി കോപ്പ, സുനിത തുടങ്ങിയവര്‍  ഈടയില്‍ അഭിനയിക്കുന്നു.

ജോണ്‍ പി വര്‍ക്കി , ചന്ദ്രന്‍ വെയാട്ടുമ്മല്‍, ഡോണ്‍ വിന്‍സെന്റ്, സുബ്രമണ്യന്‍ കെ വി, അശോക് പൊന്നപ്പന്‍   എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയ ചിത്രത്തിന് അന്‍വര്‍ അലി ഗാന രചനയും അമല്‍ ആന്റണി, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.

പ്രമോദ് തോമസ് ശബ്ദ സംവിധാനവും പപ്പു ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈട മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തില്‍ പറയുന്ന മനോഹരമായ പ്രണയകഥയാണ്. വടക്കന്‍ കേരളത്തില്‍  ഇവിടെ എന്ന് പറയാന്‍  ഉപയോഗിക്കുന്ന  വാക്കാണ് 'ഈട '.