ടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങളും തല പൊക്കിത്തുടങ്ങി. ദിലീപ് വിഷയത്തില്‍ സംഘടന പല തട്ടുകളിലാണെന്ന മുന്‍ ആരോപണങ്ങളെ ശരിവയ്ക്കുന്ന മട്ടില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ജീവന്‍വയ്ക്കുകയാണ്.

അറസ്റ്റിലായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന മമ്മൂട്ടിയുടെ പ്രസ്താവന ശരിയല്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ ഈ വെളിപ്പെടുത്തല്‍. സംഘടനയുടെ ഭരണഘടന അനുസരിച്ച് ഒരംഗത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ കഴിയൂ. അതുതന്നെ അസോസിയേഷന്‍ രൂപവത്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ പറ്റൂ. അല്ലാതെ ഒരംഗത്തെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയല്ല. മമ്മൂട്ടി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യമാണ്. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനാവും അങ്ങനെ പറഞ്ഞത്-ഗണേഷ് അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയില്‍ അംഗമാണെങ്കിലും അല്ലെങ്കിലും ദിലീപിന് വേണമെങ്കില്‍ തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാമെന്നും ഗണേഷ് പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ അമ്മയില്‍ വീണ്ടും അംഗമാവാം. ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ട് പുളിശ്ശേരിവച്ചുതന്നാലും അമ്മയിലോ മറ്റേതെങ്കിലും സംഘടനയിലോ അംഗമാവില്ലായിരുന്നു. മാധ്യമങ്ങളില്‍ നിന്നുള്ള ആക്രമണത്തെ ചെറുത്ത് പിടിച്ചുനില്‍ക്കുന്ന ദിലീപിനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമേയുള്ളൂ-ഗണേഷ് പറഞ്ഞു.

ദിലീപ് അറസ്റ്റിലായതു മുതല്‍ ശക്തമായ പിന്തുണ നല്‍കിവരുന്ന നടന്മാരല്‍ ഒരാളാണ് മുന്‍ സിനിമാമന്ത്രി കൂടിയായ ഗണേഷ്. ദിലീപിനെ ജയിലില്‍ പോയി കണ്ടവരിലും ഗണേഷ് ഉണ്ടായിരുന്നു. ഇതിന് മുന്‍പ് സംഘടനയ്ക്കും പ്രസിഡന്റ് ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കത്തയക്കുകയും ചെയ്തിരുന്നു ഗണേഷ്. 
സാമൂഹ്യ മാധ്യമങ്ങളും ചില ചാനലുകളും ദിലീപിനെ വേട്ടയാടിയപ്പോള്‍ നിസ്സംഗമായ നിലപാട് സ്വീകരിച്ച സംഘടന നടീനടന്മാര്‍ക്ക് തന്നെ നാണക്കേടായി. താരങ്ങള്‍ക്കും സമൂഹത്തിനും ഒരു ഗുണവും ചെയ്യാത്ത സംഘടന പിരിച്ചുവിട്ട് സമ്പാദ്യം സര്‍ക്കാരിനോ കാന്‍സര്‍ സെന്ററിനോ നല്‍കുകയാണ് വേണ്ടതെന്നാണ് ഗണേഷ് കത്തില്‍ പറഞ്ഞിരുന്നത്.