കെപിഎസി ലളിത ആദ്യമായി പ്രധാനവേഷത്തിലെത്തുന്ന ദേവയാനം മാര്‍ച്ച് 10ന് തീയേറ്ററുകളില്‍ എത്തുന്നു. നവാഗതനായ സുകേഷ് റോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മരണഭയത്തെ ആസ്പദമാക്കിയുള്ള ദേവയാനം കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും.

കല്‍പ്പാത്തി അഗ്രഹാരത്തെയും തമിഴ് ബ്രാഹ്മണ സംസ്‌കാരത്തെയും കേന്ദ്രീകരിച്ച്  ദേവമ്മാള്‍ എന്ന ഒരു വൃദ്ധയെ ആണ് കെ.പി.എ.സി. ലളിത അവതരിപ്പിക്കുന്നത്. കൈലാഷ്, മാളവിക, അക്ഷര കിഷോര്‍, സുരാജ് വെഞ്ഞാറമൂട്, നീന കുറുപ്പ്, ദേവി അജിത്, കലാശാല ബാബു, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

സംഗീതം, നൃത്തം, എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്താണ് ദേവയാനം ഒരുക്കിയിരിക്കുന്നത്. സുകേഷ് റോയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് അഡ്വ. സി. ആര്‍. അജയ കുമാര്‍ ആണ്. ഏഞ്ചല്‍ ബോയ്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍  അഡ്വ. ഷോബി ജോസഫ് ആണ് നിര്‍മ്മാണം. ക്യാമറ- ക്രിഷ് കൈമള്‍.എഡിറ്റര്‍ ജോണ്‍കുട്ടി. ഗാനരചന- രാജീവ് ആലുങ്കല്‍. ജയശ്രീ രാജീവ്, സുധീപ് കുമാര്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. സംഗീതം - ചന്തു മിത്ര.

മരണം എന്നത് ആത്യന്തികമായ ഒരു അവസാനമല്ലെന്നും, അത് ജന്മാന്തരങ്ങളുടെ തുടര്‍ച്ചമാത്രമാണെന്നുമുള്ള സന്ദേശമാണ് ഈ സിനിമ സമൂഹത്തിന് നല്‍കുന്നത്.