കൊച്ചി: 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ....' എന്ന ഗാനത്തിലൂടെ തന്റെ ഭാര്യയെ സങ്കല്പിക്കാനായിരുന്നു ബിജിബാലിനിഷ്ടം. അവളോട് ഏറെ സാമ്യമുള്ള ഗാനമായാണ് അദ്ദേഹം ഈ ഗാനത്തെ ഉപമിച്ചിരുന്നത്. ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട ആ ഗാനത്തിലെ ഓരോ വരിയും ശാന്തിയെക്കുറിച്ചായിരുന്നു എന്ന് ബിജിബാല്‍ പറഞ്ഞിട്ടുണ്ട്.

ശാന്തിക്കും തനിക്കും ഏറെ ഇഷ്ടമുള്ള, ഒരുമിച്ച് പാടി റെക്കോഡ് ചെയ്യാന്‍ ആഗ്രഹിച്ച ഗാനമാണ് 'ശരദിന്ദു മലര്‍ദീപ നാളം നീട്ടി' എന്ന ഗാനമെന്ന് ഒരിക്കല്‍ ബിജിബാല്‍ പറഞ്ഞു. ഒ.എന്‍.വിയുടെ വരികള്‍ക്ക് എം.ബി. ശ്രീനിവാസന്‍ ഈണമിട്ട ആ ഗാനം പ്രണയ നാളുകളിലും തുടര്‍ന്നും എന്നും മൂളിയിരുന്നു.

സംഗീതജീവിതത്തില്‍ ബിജിബാലിനെ ഒരുപാട് സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ശാന്തിയുടെത്. നൃത്തവും സംഗീതവും ചേര്‍ന്നതായിരുന്നു വെണ്ണലയിലെ 'കൈലാസം' എന്ന വീട്. ബിജിബാലിന്റെ സംഗീതവും ശാന്തിയുടെ നൂപുരധ്വനികളുമാണ് അവിടെ അലയടിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്ന ശാന്തി സ്‌കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. ഒരു തവണ പരിചയപ്പെട്ടാല്‍ ആരും മറക്കാത്ത വ്യക്തിത്വത്തിനുടമയാണ് ശാന്തിയെന്നാണ് അടുപ്പമുള്ളവര്‍ അവരെ ഓര്‍ക്കുന്നത്. നൃത്തസ്‌കൂള്‍ നടത്തുന്നതിനോടൊപ്പം തന്നെ പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു.

ബിജിബാല്‍ സംഗീത സംവിധാനം ചെയ്ത 'രാമന്റെ ഏദന്‍തോട്ടം' എന്ന ചിത്രത്തിന്റെ നൃത്തസംവിധാനം ചെയ്തതും ശാന്തിയായിരുന്നു. അതില്‍ നൃത്തപരിശീലന രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നവരാത്രിനാളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സരസ്വതി സ്തുതിയാണ് 'സകലദേവ നുതേ...' എന്ന് തുടങ്ങുന്ന ഗാനം. സന്തോഷ് വര്‍മ്മയുടെ വരികളില്‍ ശ്രീരഞ്ജിനി രാഗത്തില്‍ ബിജിബാലാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. സൗമ്യ രാമകൃഷ്ണനും സംഗീത ശ്രീകാന്തും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന്റെ നൃത്തസംവിധാനവും അവതരണവും ശാന്തിയായിരുന്നു. ഇതോടൊപ്പം ബിജിബാല്‍ പുറത്തിറക്കിയ 'കയ്യൂരുള്ളൊരു സമര സഖാവിന്...' എന്ന ഗാനത്തില്‍ ശാന്തി പാടി അഭിനയിക്കുകയും ചെയ്തു.