ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഒന്‍പത് വര്‍ഷം മുന്‍പ് കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സത്യരാജ്. സത്യരാജ് കര്‍ണാടകയിലെ ജനങ്ങളെ ആക്ഷേപിച്ചുവെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചില സംഘടനകള്‍ താക്കീത് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് താരം നേരിട്ട് രംഗത്തെത്തിയത്.

കാവേരി വിഷയത്തില്‍ ഞാന്‍ നടത്തിയ പ്രസ്താവന ചിലരെ വേദനിപ്പിച്ചുവെന്നറിയാന്‍ കഴിഞ്ഞു. ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. ബാഹുബലിയിലെ നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ പരാമര്‍ശം മൊത്തത്തില്‍ ആ സിനിമയെ ബാധിക്കുന്നത് വേദനാ ജനകമാണ്. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ മുപ്പതോളം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. അതില്‍ ഒരുപാട് ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. കന്നട സിനിമകളിലും എന്നെ അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ തിരക്ക് മൂലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഞാന്‍ ഒരാള്‍ കാരണം ബാഹുബലി പ്രതിസന്ധിയിലാകരുത്. എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു- സത്യരാജ് പറഞ്ഞു.

ബാഹുബലിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി നേരത്തേ രംഗത്ത് വന്നിരുന്നു. ഒരാള്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത് അന്യായമാണെന്ന് രാജമൗലി പറഞ്ഞിരുന്നു.

ചിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ വേഷമായ കട്ടപ്പയായാണ് സത്യരാജ് എത്തുന്നത്. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യമാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. ചിത്രം ഏപ്രില്‍ 28 ന് പുറത്തിറങ്ങും.