സ്.എസ്. രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്താനിരിക്കെ സിനിമയെക്കുറിച്ച് വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കുള്ളത് വമ്പന്‍ പ്രതീക്ഷകള്‍. ബാഹുബലി ആദ്യ ഭാഗം ആഘോഷമാക്കിയ മലയാളി പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുടെ എംഡിയും മലയാളിയുമായ പ്രേം മേനോന്‍.

'എന്നും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നിലവാരമുള്ള കണ്ടന്റുകള്‍ എത്തിക്കുക എന്നതാണ് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ പ്രാഥമിക ലക്ഷ്യം. ഇതോടൊപ്പം തന്നെ മികച്ച നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കാനും കമ്പനി ശ്രദ്ധിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും അംഗീകാരങ്ങളും നേടിയെടുത്ത രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടേതായി നിര്‍മ്മാണത്തിലിരിക്കുന്ന ഷെര്‍ലോക്ക് ടോംസും സമാനമായി ക്വാളിറ്റി കണ്ടന്റ് കൈകാര്യം ചെയ്യുന്ന ചിത്രമാണ്. എന്നും നല്ല സിനിമകളെയും പരിശ്രമങ്ങളെയും സ്വീകരിച്ചിട്ടുള്ള മലയാളികള്‍ ഈ ചിത്രവും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബാഹുബലി രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തുകയാണ്. ആദ്യ ഭാഗം കേരളത്തിലെ ജനങ്ങള്‍ ആഘോഷമാക്കിയിരുന്നു. സമാനമായി ബാഹുബലി രണ്ടാം ഭാഗത്തെയും ജനങ്ങള്‍ ഏറ്റെടുക്കും. എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്, എന്തിനാണ് കട്ടപ്പ ബാബുബലിയെ കൊന്നത് എന്ന് അറിയാന്‍'- പ്രേം മേനോന്‍ പറഞ്ഞു. 

ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്ക്, തമിഴ് ചിത്രം ഐ, ബാഹുബലി എന്നീ സിനിമകള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയായിരുന്നു. മലയാളത്തില്‍ ഇന്നു വരെ ഒരു ഹോളിവുഡ് ചിത്രവും നേടാത്ത റെക്കോര്‍ഡ് കളക്ഷനും നേട്ടങ്ങളുമാണ് ജംഗിള്‍ബുക്കിന് ലഭിച്ചത്. ബാഹുബലി റിലീസ് ചെയ്ത സമയത്ത് ഏറ്റവും വലിയ പ്രമോഷന്‍ പോസ്റ്റര്‍ ഉണ്ടാക്കി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. കേരളത്തിലായിരുന്നു ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ പോസ്റ്ററുകളിലൊന്നുണ്ടാക്കി റെക്കോര്‍ഡ് സ്വന്തമാക്കിയത്. ബാഹുബലി റിലീസ് ചെയ്ത സമയത്ത് കേരളത്തില്‍ തിയേറ്ററുകളുടെ എണ്ണം കുറവായിരുന്നു. പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിയേറ്റര്‍ സമരം ചിത്രത്തിന്റെ വൈഡ് റിലീസിനെയും ബാധിച്ചിരുന്നു. എന്നാല്‍, ദേശീയ തലത്തില്‍ ചിത്രം ആഘോഷമായപ്പോള്‍ മലയാളത്തിലും സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 

അനൗദ്യോഗിക കണക്ക് പ്രകാരം ബാഹുബലി കേരളത്തില്‍നിന്ന് മാത്രം ഏഴു കോടി രൂപ കളക്ഷന്‍ നേടി. ഇത്തവണ ഏതാണ്ട് 12 കോടി രൂപയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രദര്‍ശനാവകാശത്തിനായി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ മുടക്കിയിരിക്കുന്നത്. ഒന്നാം ഭാഗത്തേക്കാള്‍ നേട്ടം രണ്ടാം ഭാഗത്തിന് ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇത്രയും വലിയ തുക പ്രദര്‍ശനാവകാശങ്ങള്‍ക്കായി മുടക്കിയിരിക്കുന്നത്. 

ബാഹുബലിയുടെ റിലീസിംഗിന് മുന്നോടിയായി ഏപ്രില്‍ 23 ഞായറാഴ്ച്ച ബാഹുബലിയുടെ മുഴുവന്‍ ടീമംഗങ്ങളും കൊച്ചിയില്‍ എത്തുന്നുണ്ട്. കേരളത്തില്‍ പ്രമോഷന് വേണ്ടിയാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും എത്തുന്നത്. ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന ടീം ഒരു ദിവസം കൊച്ചിയില്‍ തങ്ങിയശേഷം അടുത്ത ദിവസം മടങ്ങും. ഏപ്രില്‍ 28 വെള്ളിയാഴ്ച്ചയാണ് ബാഹുബലിയുടെ ആഗോള റിലീസ്. തമിഴ്, മലയാളം ഭാഷകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ബാഹുബലി കാണാന്‍ സാധിക്കും