മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍. ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെങ്കില്‍ ഇതെന്റെ ഇന്ത്യയല്ല എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള റഹ്മാന്റെ പ്രതികരണം.

'ഈ സംഭവത്തില്‍ ഏറെ ദു:ഖിതനാണ് ഞാന്‍. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് മേലില്‍ ആവര്‍ത്തിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതെന്റെ ഇന്ത്യയായിരിക്കില്ല. എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം'-റഹ്മാന്‍ പറഞ്ഞു. വണ്‍ ഹാര്‍ട്ട്: ദി എ.ആര്‍. റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍. പതിനാല് വടക്കന്‍ അമേരിക്കന്‍ നഗരങ്ങളില്‍ റഹ്മാന്‍ നടത്തിയ സംഗീത പരിപാടികളും അഭിമുഖങ്ങളും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് വണ്‍ ഹാര്‍ട്ട്. റഹ്മാന്‍ എന്ന വ്യക്തിയുടെ ഏറെയൊന്നും അറിയപ്പെടാത്ത മുഖം വെളിവാക്കുന്ന ചിത്രമാണിത്.

സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ഒരു സംഘം ഗൗരി ലങ്കേഷിനെ വീട്ടില്‍ വച്ച് വെടിവെച്ചുകൊന്നത്. നിഷ്ഠൂരമായ ഈ കൊലപാതകത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.