മൂവാറ്റുപുഴ: അങ്കമാലി ഡയറീസ് താരങ്ങളെ അപമാനിച്ച സംഭവത്തില്‍ പോലീസ് നടപടി ശരിവെച്ച് എറണാകുളം റൂറല്‍ എസ്പി. സംഭവത്തില്‍ എസ്.പി മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണം തേടി. 

നിയമലംഘനം കണ്ടെത്തിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് വിശദീകരിക്കണമെന്ന് ഡിവൈഎസ്പിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് വശത്തെ ഗ്ലാസ് പോലും മറച്ച വണ്ടി എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം വാഹനത്തിന് മോഡിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ഡയറീസ് പ്രവര്‍ത്തകര്‍ ഡിജിപിക്ക് പരാതി നല്‍കി. 

ഗ്ലാസില്‍ സ്റ്റിക്കറൊട്ടിച്ചതിനെക്കുറിച്ചോ അതിന് അനുവാദമുണ്ടായിരുന്നോ എന്നൊന്നും ചോദിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ചിത്രത്തിലെ നായിക ബിന്നി റിങ്കു ബെഞ്ചമിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. താനടക്കമുള്ള താരങ്ങളോട് മോശമായാണ് അവര്‍ പെരുമാറിയതെന്നും ബിന്നി പറഞ്ഞു.

കഴിഞ്ഞദിവസമാണ് അങ്കമാലി ഡയറീസ് താരങ്ങളെ മൂവാറ്റുപുഴയില്‍ വെച്ച് ഡിവൈഎസ്പി അപമാനിച്ചെന്ന് പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി വെളിപ്പെടുത്തിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നിലായിരുന്നു ഡിവൈഎസ്പി താരങ്ങളെ തടഞ്ഞത്.