സെൽഫിയെടുക്കാൻ വന്ന പത്തു വയസ്സുകാരന്റെ ഫോൺ വലിച്ചെറിഞ്ഞുവെന്ന് തെലുങ്ക് നടിയും ടെലിവിഷൻ അവതാരകയുമായ അനസൂയക്കെതിരെ പരാതി. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്.

കുട്ടിയുടെ അമ്മ പൊട്ടിയ ഫോണുമായി സംഭവം വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതാണ് അനസൂയ. അതിനിടെ കുട്ടി നടിക്കൊപ്പം ഒരു ചിത്രമെടുക്കണമെന്ന ആവശ്യവുമായി അടുത്തേക്ക് ചെന്നു. എന്നാല്‍ തിരക്കിലായിരുന്ന നടി കാറില്‍ കയറുകയും ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു-കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാല്‍ താന്‍ ഫോണ്‍ എറിഞ്ഞിട്ടില്ല എന്നാണ് നടി പറയുന്നത്. തിരക്കിലായിരുന്നതിനാല്‍ ചിത്രമെടുക്കണമെന്ന ആവശ്യം നിരസിക്കുക മാത്രമാണ് ഉണ്ടായതെന്ന് അനസൂയ പറഞ്ഞു.

ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീയും കുട്ടിയും ചിത്രം എടുക്കണമെന്ന് പറഞ്ഞു. ഞാന്‍ വളരെ മാന്യമായിട്ടാണ് അവരുടെ ആവശ്യം നിഷേധിച്ചത്. പക്ഷേ അവര്‍ കൂടുതല്‍ എന്റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ ഞാന്‍ മുഖം മറച്ചു കാറില്‍ കയറി. അതിനിടെ ഫോണിന് എന്തുപറ്റി എന്നൊന്നും എനിക്കറിയില്ല. ഞാന്‍ മനപൂര്‍വം ഒന്നും ചെയ്തിട്ടില്ല- അനസൂയ പറഞ്ഞു.

വീഡിയോ വൈറലായതോടെ നടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Content Highlights: anasuya bharadwaj breaking 10 year old fans phone after asking for selfie anasuya controversy