ബോളിവുഡും കടന്ന് ഹോളിവുഡില്‍ പാറിപ്പറന്ന് നടക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ താരം ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇരുവരും ഒന്നിച്ച് പല പൊതു പരിപാടികളിലും പങ്കെടുത്തത് പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. 

കഴിഞ്ഞ ദിവസം പ്രിയങ്കയും നിക് ജോസാസും ഹോളിവുഡിലെ ഒരു പ്രശസ്ത റസ്റ്റോറന്റിൽ ഒരുമിച്ചെത്തിയത് വാര്‍ത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇരുവരെയും ഒരുമിച്ച് കണ്ടതോടെ ക്യാമറക്കണ്ണുകള്‍ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. 

കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റിൽ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രമുഖ അവതാരകനായ ജിമ്മി കിമ്മല്‍ ഒരു അഭിമുഖത്തില്‍ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട്  ചോദിച്ചിരുന്നു. എന്നാല്‍ അതിനെ ചിരിച്ചു തള്ളുകയാണ് അന്ന് പ്രിയങ്ക ചെയ്തത്. 

മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്.

Content Highlights: priyanka chopra nick jonas in love rumours priyanka dating nick jonas