mmത്യാഗരാജ സ്വാമികളുടെ ഇരുന്നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനത്തിന് വേറിട്ട ആഘോഷവുമായി സംഗീതലോകം. രണ്ട് ദിവസം ഇരുന്നൂറ്റിയന്‍പത് ത്യാഗരാജ കീര്‍ത്തനങ്ങള്‍ ആവര്‍ത്തനമില്ലാതെ ആലപിച്ചാണ് സംഗീതജ്ഞരും സംഗീത വിദ്യാര്‍ഥികളും ഗുരുനാഥന് അര്‍ച്ചന അര്‍പ്പിക്കുന്നത്.

വാട്സ് ആപ്പ് ഗ്രൂപ്പായ സംഗീതോപാസനയും പാലക്കാട് ചെമ്പൈ സംഗീത കോളേജും ചേര്‍ന്നാണ് പാലക്കാട്ട് പരിപാടി സംഘടിപ്പിക്കുന്നത്. ചെമ്പൈ സംഗീത കോളേജിലെ എം.ഡി. രാമനാഥന്‍ ഹാളിലാണ് പരിപാടിയെന്ന് ചെന്നൈ സ്മാരക ഗവ. സംഗീത കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എസ്. ദിനേഷും സംഗീതോപാസന വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ കാഞ്ഞങ്ങാട് ശങ്കരന്‍ നമ്പൂതിരിയും അറിയിച്ചു.

സംഗീത കലാനിധി ഡോ. ടി.കെ.മൂര്‍ത്തി സംബന്ധിക്കും. പി. ആര്‍. കുമാര കേരള വര്‍മ, താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി, ഈശ്വരന്‍ പുതുക്കുളം, പയ്യന്നൂര്‍ കെ.വി. ജഗദീഷ്, കാവ്യ വര്‍മ, വര്‍ഷാ വര്‍മ, പി.വി. കേശവന്‍ നമ്പൂതിരി, കുമാര്‍. കെ. എസ്, മഹേശ്വര്‍ മോഹന്‍, മാലിനി.ടി, കെ. എം. മണിലാല്‍, പ്രശാന്ത് പറശ്ശിനി, സഹോദരിമാരായ ശാന്തള, ശര്‍മിള, സന്ധ്യ രാജീവ്, നിരഞ്ജന, മാവേലിക്കര പി.സുബ്രഹ്മണ്യം, ഇ.എം. സന്ദീപ്, ഉമാ മഹേശ്വരന്‍, പി.ബി, പയ്യന്നൂര്‍ വത്സരാജ്, വിനോദ് വടക്കേക്കാട്, ഗോവിന്ദ്.പി. എന്‍, വയലാ രാജേന്ദ്രന്‍, ശാകംബരി കേശവന്‍, സതി.എ. എന്‍, ഉഷ ഈശ്വര്‍ഭട്ട്, രവീന്ദ്രന്‍  ആച്ചനത്ത്, ആനന്ദി കൃഷ്ണമൂര്‍ത്തി, ജയശ്രീ ശ്രീധര്‍, നര്‍മല രവി, രാജലക്ഷ്മി പരമേശ്വരന്‍, പ്രശാന്ത് നരേന്ദ്രന്‍, കോട്ടക്കല്‍ രഞ്ജിത്ത് വാര്യര്‍, ശ്രീജിത്ത് വാര്യര്‍, സംഗീത്, വത്സന്‍, അരുണ്‍, എസ്.കെ.മഹതി, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, തൃശൂര്‍ സി. ഋതു, ധനലക്ഷ്മി ശ്രീകുമാര്‍, സുധാ ഈശ്വരന്‍, താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി എന്നിവരും  ചെമ്പൈ സംഗീത കോളേജിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത്.

രാമചന്ദ്രന്‍. എം.ആര്‍ (ഹാര്‍മോണിയം), പ്രകാശ് ഉള്ള്യേരി (കീബോര്‍ഡ്), കല്‍പാത്തി സൂര്യനാരായണന്‍ (ഫല്‍ട്ട്), വിശാലാക്ഷി (വയലിന്‍), സുശീല സ്വാമിനാഥന്‍ (വയലിന്‍) എന്നിവരാണ് പിന്നണിയില്‍.

 രാജേഷ് കല്ലേക്കുളങ്ങരയുടെ നാദസ്വരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പഞ്ചരത്നകീര്‍ത്തനാലപനം നടക്കും. അതിനുശേഷം ത്യാഗരാജവന്ദനം നടക്കും. വാലാജപേട്ട വെങ്കടരമണ ഭാഗവതരുടെ ഗുരുചരണം ഭജരേയും രാമനാഥപുരം ശ്രീനിവാസ അയ്യങ്കാറുടെ സദ്ഗുരു സ്വാമിയും എം.ഡി.രാമനാഥന്റെ ത്യാഗരാജഗുരും ആശ്രയേയും മൈസൂര്‍ വാസുദേവാചാര്‍ ശ്രീമദാദി ത്യാഗരാജഗുരുവരവും ജി. എന്‍.ബാലസുബ്രഹ്മണ്യം മാനവകുലഭൂഷണയുമാണ് ത്യാഗരാജവന്ദനത്തില്‍ ആലപിക്കുന്നത്. അതിനുശേഷം താമരശ്ശേരി ഈശ്വരന്‍ ഭട്ടതിരി ത്യാഗരാജവൈഭവം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രൊഫ. പി. ആര്‍. കുമാരകേരളവര്‍മയാണ് വിശിഷ്ടാതിഥി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അഖണ്ഡ ത്യാഗരാജ സംഗീതാരാധന ആരംഭിക്കും.