ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്കയിലെ ഓഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്പാനിഷും മലയാളവും ഹിന്ദിയും ഇടകലര്‍ന്ന പാട്ടിന്റെ ടീസറാണ് പുറത്തുവന്നത്. വാനം   തിളതിളക്കണ എന്ന ഗാനം ദുല്‍ഖറാണ് പാടിയിരിക്കുന്നത്. ഒപ്പം സ്പാനിഷ് ഭാഗം കരോളിനയും ഹിന്ദി ഭാഗം മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറും പാടിയിരിക്കുന്നു. 

റഫീഖ് അഹമ്മദ്, കരോളിന്, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരുടെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണമിട്ടിരിക്കുന്നത്.  അമേരിക്കയില്‍ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ്  ചിത്രം. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സൗബിന്‍, ജിനു ജോസഫ് , തമിഴ് നടന്‍ ജോണ്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്റേതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സി.ഐ.എ ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാമത് ചിത്രമാണിത്.