രു മെക്‌സിക്കന്‍ അപാരതയിലൂടെ മലയാളത്തിലെ കരുത്തുറ്റ യുവനായക നിരയിലേക്കാണ് ടൊവിനോ തോമസ് കടന്നുവന്നത്. പൃഥ്വിരാജിനൊപ്പം വേഷമിട്ട എസ്ര തിയേറ്ററില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു. നായകവേഷമണിഞ്ഞ ഗോദ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ടൊവിനോ തോമസ് മനസ്സുതുറക്കുന്നു.

ഒരു മെക്‌സിക്കന്‍ അപാരത-ടൈറ്റിലും കഥാപാത്രവും പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോട് ചായ്വുളള ചിത്രവും കഥാപാത്രവുമാണെന്ന് തോന്നും. എന്താണ് ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ച ഘടകം?

അങ്ങനെ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ആ ചിത്രത്തിന് ചായ്വില്ല. ആ സിനിമ മുന്നോട്ടുവെക്കുന്നത് മതത്തെക്കാളും രാഷ്ട്രീയത്തെക്കാളും വലുത് പരസ്പരം സ്‌നേഹിക്കുന്ന മനുഷ്യരാണ് എന്ന സത്യമാണ്. ആ സിനിമയിലെ നായകന്‍ ആരെയും തല്ലിത്തോല്പിച്ച് വിജയിക്കുന്നവനല്ല. സംഘടനാബലം കൊണ്ട് അക്രമം തടയുക എന്ന രാഷ്ട്രീയമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
കോളേജ് രാഷ്ട്രീയത്തില്‍ പുറത്തുനിന്നുള്ള ശക്തികളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. 

കാമ്പസ് രാഷ്ട്രീയത്തിന്റെ കഥപറഞ്ഞ ചിത്രമാണത്. ടൊവിനോയുടെ കോളേജ് കാലവുമായി ചിത്രത്തിനെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ?

ഞാന്‍ കോയമ്പത്തൂരാണ് പഠിച്ചത്. അവിടത്തെ കാമ്പസ്സില്‍ രാഷ്ട്രീയസംഘടനകള്‍ക്ക് വലിയ പ്രാധാന്യമില്ല. കേരളത്തിലെ കാമ്പസ്സില്‍ പഠിച്ച  സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുടെ അനുഭവങ്ങള്‍  നന്നായി അറിയാം. അതെല്ലാം ഈ ചിത്രത്തില്‍ ഗുണമായിട്ടുണ്ട്.

ചിത്രത്തില്‍ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായി ടൊവിനോ എത്തിയിട്ടുണ്ട്. യാദൃച്ഛികതയായിരുന്നോ?

രണ്ട് കഥാപാത്രങ്ങളല്ല, ചിത്രത്തിന്റെ ചര്‍ച്ചാവേളയില്‍ 'ചെഗുവേര' എന്നൊരു കഥാപാത്രംകൂടി ഉണ്ടായിരുന്നു. പിന്നീടത് വേണ്ടെന്നുവെച്ചു. ഈ സിനിമയ്ക്ക് അത്തരം രണ്ട് കഥാപാത്രങ്ങള്‍ ഗുണകരമാകുമെന്ന് തോന്നിയതിനാലാണ് ഡബിള്‍ വേഷം ചെയ്തത്. ചിത്രത്തിലെ സഖാവ് കൊച്ചനിയന്‍, പോള്‍ വര്‍ഗീസ് എന്നീ കഥാപാത്രങ്ങള്‍ കഥാഗതിയുടെ ഒരു ഘട്ടത്തില്‍ ഒന്നായിമാറുന്നുണ്ട്.

എന്താണ് ടൊവിനോയുടെ രാഷ്ട്രീയ നിലപാട്?

എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടും രാഷ്ട്രബോധവും ഉണ്ട്. അത് ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയെ കേന്ദ്രീകരിച്ചുള്ളതല്ല. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പെടുത്തു കഴിഞ്ഞാല്‍ ഏതു കാര്യത്തെയും വിമര്‍ശിക്കാനും അഭിനന്ദിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടമാകും. മതത്തെക്കാളും രാഷ്ട്രീയത്തെക്കാളും മനുഷ്യനെ സ്‌നേഹിക്കുന്ന രാഷ്ട്രീയമാണ് എന്റെത്.

അത്തരത്തില്‍ സ്വാധീനിച്ച രാഷ്ട്രീയനേതാക്കള്‍ ആരൊക്കെയാണ് ?

എനിക്കു തോന്നുന്നത് പല നല്ല രാഷ്ട്രീയ നേതാക്കളും അവരുടെ കൈകാലുകള്‍ കെട്ടപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്.

ഈ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി ടൊവിനോ വേളാങ്കണ്ണിയില്‍ പോയി മകളുടെ തല മൊട്ടയടിച്ചു എന്നീ വാര്‍ത്തകള്‍ കേട്ടിരുന്നു. വിശ്വാസം ഫലിച്ചു, ചിത്രം ഹിറ്റായി. അത്രയും വിശ്വാസിയാണോ ?

പടം നന്നാകാതെ വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ചാല്‍ ചിത്രം ഹിറ്റാകുമെന്ന് വിശ്വസിക്കുന്ന മണ്ടനല്ല ഞാന്‍. മൊട്ടയടിച്ച മകളുടെ കൂടെയുള്ള ഫോട്ടോ ഫെയ്സ് ബുക്കിലിട്ട് വെറുതെ തമാശയ്ക്ക് നല്കിയ അടിക്കുറിപ്പാണ് വിനയായത്. ഞാന്‍ അന്ധവിശ്വാസിയല്ല.

വളരെ റിയലിസ്റ്റിക്കായ സംഘട്ടന സീനുകള്‍ നിറഞ്ഞ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. അത്തരം സീനുകള്‍ റിസ്‌കി ആയിരുന്നോ ?

ഏറെ റിയലിസ്റ്റിക്കായി ചിത്രീകരിക്കേണ്ടതിനാല്‍ ഏഴുദിവസംകൊണ്ടാണ് ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചത്. ദേഹം നോവാതെ സിനിമയില്‍ സംഘട്ടനസീനുകള്‍ ചെയ്യാന്‍കഴിയില്ല. ഒരു ബോട്ടിലുകൊണ്ട്, എന്റെ തലയ്ക്ക് അടിയ്ക്കുന്ന സീന്‍ ഉണ്ടായിരുന്നു. ആ സീനില്‍ എന്റെ നെറുകുംതലയില്‍ മുറിവു പറ്റിയിരുന്നു.

പൃഥ്വിരാജിനൊപ്പം 'എസ്ര'യില്‍ വീണ്ടും ഒന്നിച്ചല്ലോ. ആ സൗഹൃദത്തെക്കുറിച്ച്...?

പൃഥ്വിരാജിനോടും ആ ചിത്രത്തിന്റെ നിര്‍മാതാവിനോടുമുള്ള ബന്ധത്തിലുമാണ് ഞാന്‍ എസ്രയില്‍ അഭിനയിച്ചത്. ഞാന്‍ നായകനായ ഗപ്പി, ഗോദ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് മുകേഷ് ആണ് എസ്ര നിര്‍മിച്ചത്. എന്നു നിന്റെ മൊയ്തീനുശേഷം പൃഥ്വിരാജിനൊപ്പം വിജയം ആവര്‍ത്തിക്കാന്‍കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

ടൊവിനോയുടെ ഓരോ ചിത്രത്തിനുശേഷവും വലിയ ഇടവേളകള്‍ കാണുന്നുണ്ട്. അത് ബോധപൂര്‍വമാണോ ?

എന്ന് നിന്റെ മൊയ്തീനുശേഷം അടുത്ത ചിത്രത്തിലേക്ക് കടക്കാന്‍ ഞാന്‍ ഒരുവര്‍ഷം കാത്തിരുന്നു. ഗപ്പിയിലെ കഥാപാത്രത്തിന്റെ രൂപമാറ്റത്തിനുവേണ്ടിയുള്ള ഹോംവര്‍ക്കായിരുന്നു അത്. പ്രേക്ഷകരുടെ പ്രതീക്ഷ തകര്‍ക്കാത്ത വ്യത്യസ്തമായ കഥാപാത്രം ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. പണത്തിനുവേണ്ടിയായിരുന്നെങ്കില്‍ ആ കാലയളവില്‍ അര ഡസന്‍ ചിത്രങ്ങളില്‍ അഭിനയിക്കാമായിരുന്നു. അതുപോലെയുള്ള ഹോംവര്‍ക്ക് മെക്‌സിക്കന്‍ അപാരതയ്ക്കും ഉണ്ടായിരുന്നു.

ടൊവിനോ, മസില്‍മാനായി എത്തുന്ന 'ഗോദ'യും പ്രേക്ഷകപ്രതീക്ഷ ഏറെയുള്ള ചിത്രമാണ് ?

പ്രണയം, നര്‍മം, ആക്ഷന്‍ എന്നിവ ചേര്‍ന്ന എന്റെര്‍ടെയ്നറായിരിക്കും ഗോദ. ചിത്രത്തിലെ കഥാപാത്രത്തിലേക്ക് എത്താന്‍ പ്രത്യേക ട്രെയ്നറെ വെച്ച് ഞാന്‍ മസില്‍ ബില്‍ഡ് ചെയ്തിരുന്നു.  ഇത്തരം ആത്മാര്‍ഥമായ ഹോംവര്‍ക്കുകള്‍, കുറെക്കാലത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഗുണമാകും.