എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഡിസ്ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്' വികാരഭരിതയായാണ് റോഷ്നി ദിനകര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
റോഷ്നി ദിനകര്‍ എന്ന പേര് മലയാളികള്‍ക്ക് എത്രമാത്രം പരിചിതമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള പുരസ്കാരം നേടിയ മലയാളി എന്നതിനേക്കാള്‍ 'മൈ സ്റ്റോറി' എന്ന ചിത്രത്തിന്റെ സംവിധായിക എന്ന് പരിചയപ്പെടുത്തിയാലാകും അവരെ മനസിലാക്കാന്‍ എളുപ്പം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന റോഷ്നിയുടെ ആദ്യചിത്രം റിലീസിന് മുമ്പേ ചര്‍ച്ചയായിക്കഴിഞ്ഞു.
കസബ വിവാദത്തില്‍ പാര്‍വതിയ്ക്ക് നേരെ ആരംഭിച്ച സൈബര്‍ ആക്രമണം ഇനിയും പുറത്തിറങ്ങാത്ത ഈ ചിത്രത്തിനു നേരെയും തുടരുകയാണ്. കഴിഞ്ഞ ദിവസം യൂട്യൂബില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ 'പതുങ്ങി പതുങ്ങി വന്ന്..' എന്ന ഗാനത്തിന് നേരെ കടുത്ത ഡിസ്ലൈക്ക് ആക്രമണമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് റോഷ്നി ദിനകര്‍.
ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം
'മൈ സ്റ്റോറി'യ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡാണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല. പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്ക്കെതിരെയും, അവള് എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്.
മലയാളി എന്ന നിലയില്‍ അഭിമാനിച്ചിരുന്നു
ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ ഞാന്‍ മലയാളികളെ കുറിച്ച് കേട്ടതും അറിഞ്ഞതുമെല്ലാം അത്തരത്തിലുള്ള കാര്യങ്ങളായിരുന്നു. എന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളുമെല്ലാം നമ്മുടെ സംസ്കാരമായി പറഞ്ഞുതന്നിരുന്ന കാര്യങ്ങളെല്ലാം നല്ലതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ നേരിട്ട് കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ അങ്ങനെയുള്ളതല്ല. ഞാന്‍ വിശ്വസിച്ചിരുന്ന പലകാര്യങ്ങളും ഇപ്പോള്‍ തകര്‍ന്നുപോവുകയാണ്.
ആക്രമണം നടത്തുന്നത് ചെറിയൊരു വിഭാഗമാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. അവരും നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ലേ. അവര്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ കൊണ്ട് കേരളത്തിനാണ് നാണക്കേടുണ്ടാകുന്നത്. മറ്റ് ഇന്ഡസ്ട്രികളില് ജോലി ചെയ്തിരുന്നതിനാല്‍ എനിക്ക് അവിടെ നിന്നൊക്കെ ധാരാളം സുഹൃത്തുക്കളുണ്ട്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളും മോശം കമന്റുകളും നമ്മുടെ ചെളിവാരി എറിയലുമെല്ലാം പുറത്തുള്ളവരും കാണുന്നുണ്ട്. അവര്‍ നമ്മെ നോക്കി ചിരിക്കുകയാണ്. അവര്‍ക്ക് മുന്നില്‍ നമ്മള് ലജ്ജിക്കേണ്ടി വരുന്നു.
മലയാളത്തില്‍ സിനിമയെടുത്തത് മാതൃഭാഷ ആയതിനാല്‍
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കര്‍ണാടകയിലാണ്. ജോലി ചെയ്തത് ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് സിനിമാ മേഖലകളും. അവിടെയൊക്കെ എനിക്ക് സിനിമ ചെയ്യാന്‍ ഇതിലും വളരെ എളുപ്പമായിരുന്നു. മലയാള സിനിമാ മേഖലയുമായി എനിക്കൊരു ബന്ധവുമില്ല. ഇവിടെ ആരെയും എനിക്കറിയുകയുമില്ല. എന്നിട്ടും എന്റെ ആദ്യചിത്രം മലയാളത്തില്‍ ആയിരിക്കണമെന്ന് ആഗ്രഹിച്ചതും തീരുമാനിച്ചതും അതെന്റെ മാതൃഭാഷ ആയതുകൊണ്ടാണ്. കൂര്‍ഗിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. മലയാള സിനിമ കാണാനായി മാത്രം ഞങ്ങള്‍ അവിടെ നിന്ന് കണ്ണൂര്‍ വരുമായിരുന്നു. സിനിമയോട് അത്രയ്ക്ക് പാഷനാണ്. സത്യത്തില്‍ ഞാന്‍ മലയാളം നന്നായി പഠിച്ചതുതന്നെ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ സിനിമകള്‍ കണ്ടിട്ടാണ്.
മമ്മൂക്കയുടെ ആരാധകര്‍ ഇങ്ങനെ ചെയ്യില്ല
മൈ സ്റ്റോറിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ മമ്മൂക്കയുടെ ഫാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പതിറ്റാണ്ടുകളായി പൊതുജനമധ്യത്തില്‍ നില്ക്കുന്ന അദ്ദേഹത്തെ കുറിച്ച് മോശമായതൊന്നും നാം കേട്ടിട്ടില്ല.
മമ്മൂട്ടി ഫാന്‍സ് എന്ന് പറയുന്നത് മമ്മൂക്കയെ പ്രതിനിധീകരിക്കുന്ന ആളുകളാണ്. അദ്ദേഹത്തെ റെപ്രസന്റ് ചെയ്യുന്നു എന്ന് കരുതുന്നവര്‍ക്ക് ഒരിക്കലും ഇത്രയും മോശമായ രീതിയില്‍ ഒരു സ്ത്രീയ്ക്കെതിരെ സംസാരിക്കാനാകുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊന്നും പറയാനാവില്ല. അങ്ങനെ പറയുന്നവര്‍ അദ്ദേഹത്തിന്റെ ആരാധകരുമല്ല. പ്രതിഷേധിക്കുകയും വിമര്ശിക്കുകയുമൊക്കെ ചെയ്യാം. പക്ഷേ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്.
ലൈക്കുകളെയും ഡിസ്ലൈക്കുകളെയും കുറിച്ചൊന്നും ഞാന്‍ ആശങ്കപ്പെടുന്നില്ല. എനിക്ക് കഴിയുന്നത്ര നന്നായി ഞാനാ സിനിമ ചെയ്തിട്ടുണ്ട്. അതില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ കാഴ്ചപ്പാടില്‍ അങ്ങനെയാണ്. അതിനെ മറ്റുള്ളവര്‍ക്ക് അഭിനന്ദിക്കാം, വിമര്‍ശിക്കാം.
പാര്‍വതിയുടേത് മാത്രമല്ല സിനിമ
ഒരു വര്‍ഷം മുമ്പ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമ്പോള്‍ പാര്‍വതിയോട് എല്ലാവര്ക്കും സ്നേഹമായിരുന്നു. അവര്‍ നല്ല നടിയാണ്. ഈ കഥാപാത്രത്തിന് പറ്റിയ ആളാണെന്നതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. അതവര് നന്നായി ചെയ്യുകയും ചെയ്തിട്ടുണ്ട്. പാര്‍വതി അഭിനയിച്ചു എന്ന പേരില്‍ അവരോട് എതിര്‍പ്പുള്ളവര്‍ ചിത്രത്തെ ആക്രമിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
പാര്‍വതി മാത്രമല്ല ചിത്രത്തിലുള്ളത്. അവര്‍ ഇതില്‍ അഭിനയിച്ച ഒരു നടി മാത്രമാണ്. ഞാന്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ പ്രയത്നമാണ് ഈ ചിത്രം. അതിനെയൊന്നും കാണാതെയാണ് ചിത്രത്തിനെതിരെ പ്രചാരണങ്ങള്‍ നടക്കുന്നത്. പാര്‍വതിയോട് എതിര്‍പ്പുള്ളവര്‍ അവര്‍ അഭിനയിച്ച ഒരു ചിത്രത്തിനെതിരെ പ്രചാരണം നടത്തുകയാണോ വേണ്ടത്. ഇതിനായി കഷ്ടപ്പെട്ട മറ്റ് നൂറുകണക്കിന് ആളുകളെ എന്താണ് കാണാതെ പോകുന്നത്.
കഷ്ടപ്പാടുകള്‍ ഏറെ
പോര്‍ച്ചുഗലിലായിരുന്നു ഒന്നര മാസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ്. സ്വന്തം കുടുംബത്തെ പോലും വിട്ടാണ് ക്രൂ മെമ്പേഴ്സ് ചിത്രത്തിനായി അത്രയും ദിവസം ചെലവഴിച്ചത്. അത് ഒരുതരത്തില്‍ ത്യാഗം തന്നെയാണ്. പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ചാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനായി നിന്നത്. ക്ലൈമാക്സൊക്കെ ചിത്രീകരിക്കുമ്പോള്‍ മൈനസ് ഡിഗ്രിയായിരുന്നു അവിടത്തെ കാലാവസ്ഥ. നമുക്കൊന്നും പുറത്തിറങ്ങാന്‍ പോലും തോന്നില്ല. ആ സമയത്തുപോലും ചിത്രീകരണത്തില്‍ ഒരു കുറവും വരാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടും ഒരു പരാതി പോലും പറയാതെയാണ് പൃഥ്വിരാജും പാര്‍വതിയുമൊക്കെ അഭിനയിച്ചത്. കണ്ണും മുഖവുമൊക്കെ മൂടി അഭിനയിക്കാനാവില്ലല്ലോ.
ഒരു വര്‍ഷത്തിലേറെയായി ഞാനും ഭര്‍ത്താവും ഈ ചിത്രത്തിന് പിറകെയാണ്. എന്റെ ആറും എട്ടും വയസായ കുട്ടികളെ ഹോസ്റ്റലിലാക്കിയാണ് ചിത്രത്തിന്റെ ഷൂട്ടിങിനായി പോകുന്നത്. എന്റെ അമ്മയ്ക്ക് സുഖമില്ലാതാകുന്നതും ഈ സമയത്താണ്. കീമോ ഉള്‍പ്പെടെയുള്ള ട്രീറ്റ്മെന്റുകള്‍ ചെയ്യുമ്പോള്‍ പോലും എനിക്കവരുടെ അടുത്ത് നില്ക്കാനായില്ല. മകള്‍ അടുത്ത് വേണമെന്ന് അവര്‍ ആഗ്രഹിച്ചിരിക്കില്ലേ.
സിനിമയെടുക്കുന്നത് എല്ലാവര്ക്കും വേണ്ടി
ചീത്ത പറയുന്നവര്‍ സിനിമ കാണണ്ട എന്നൊന്നും ഞാന്‍ പറയില്ല. മലയാളികളെ മൊത്തം മുന്നില്‍ കണ്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. ഞാനൊരു സംവിധായിക ആയിട്ടല്ല പ്രേക്ഷകയായിട്ടാണ് സിനിമയെടുത്തിട്ടുള്ളത്. സാധാരണക്കാരെ മുന്നില്‍ കണ്ടുള്ളതാണ് എന്റെ സിനിമ. അവര്‍ക്ക് കാഴ്ചയ്ക്കും കേള്‍വിക്കും നല്ലൊരു അനുഭവം നല്കുന്നതാകണം എന്റെ സിനിമയെന്നാണ് ആഗ്രഹിക്കുന്നത്. ദിവസക്കൂലിയ്ക്ക് ജോലിയെടുക്കുന്ന ഒരാള്‍ക്ക് ആയിരം രൂപയായിരിക്കും ലഭിക്കുന്നത്. അയാള്‍ നാലുപേര്‍ക്ക് ടിക്കറ്റെടുമ്പോള്‍ നല്‍കുന്നത് അയാളുടെ അന്നത്തെ മുഴുവന്‍ അധ്വാനവുമാണ്. അതിനുള്ള മൂല്യം നമ്മുടെ സിനിമയ്ക്ക് ഉണ്ടെന്ന് അയാള്‍ക്ക് തോന്നുമ്പോഴാണ് നമ്മുടെ സിനിമ വിജയിക്കുന്നത്. ഭൂരിപക്ഷം പേരും അത്തരത്തിലുള്ളവരാണ്. അവരെ എന്റര്ടെയ്ന് ചെയ്യിക്കുക എന്നതാണ് എന്റെ സിനിമയുടെ ലക്ഷ്യം.
മൈ സ്റ്റോറി എന്നാല്‍ എന്റെ കഥ എന്നാണര്‍ഥം. ഇത് ഓരോരുത്തരുടെയും കഥയാണ്. കേരളത്തിലെ ഒരു ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ജെ. എല്ലാവര്ക്കും റിലേറ്റ് ചെയ്യാനാവുന്ന കഥാപാത്രമാകുമിത്. 100 ശതമാനവും ഒരു പ്രണയചിത്രമാണിത്.
പണമുണ്ടാക്കുകയല്ല, ലക്ഷ്യം മികച്ച സിനിമ
മലയാളത്തില്‍ ഒരു മികച്ച സിനിമ എന്ന ലക്ഷ്യത്തോടെയാണ് പണവും സമയവും ചെലവാക്കി ഈ ചിത്രമെടുത്തത്. വലിയ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏറ്റവും മികച്ച ടെക്നീഷ്യന്മാരെയാണ് ഈ ചിത്രത്തിനായി കൊണ്ടുവന്നത്. ചെന്നൈ എക്സ്പ്രസ്, ദില്‍വാലെ ഒക്കെ ചെയ്ത് ഡൂഡ്ലിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. സൗണ്ട് എന്‍ജിനീയര്‍ ബിശ്വദീപ് ചാറ്റര്‍ജി.
പണമുണ്ടാക്കാനായി മാത്രമായിരുന്നെങ്കില്‍ ഇത്രയും മികച്ച ടെക്നീഷ്യന്‍സിനെ കൊണ്ടുവരേണ്ട ആവശ്യമില്ലല്ലോ. അല്ലെങ്കില്‍ ഇവിടെ എവിടെയെങ്കിലും വെച്ച് സിനിമയെടുത്താല്‍ മതിയായിരുന്നല്ലോ. എന്നാല്‍, സിനിമയോടുള്ള ഇഷ്ടവും പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്ന ആഗ്രഹവും കൊണ്ടാണ് ഇത്രയും കഷ്ടപ്പെട്ട് ഈ സിനിമയെടുത്തത്. ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന കാര്യം അറിയില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. മലയാളികള്‍ നല്ലതിനെ പിന്തുണയ്ക്കുന്നവരാണ്.
റിലീസ് മാര്‍ച്ചില്‍
ചിത്രത്തിന്റെ ഏതാനും ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കിയുണ്ട്. അത് വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഡബ്ബിങ് ഉള്‍പ്പെടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. റിലീസ് തീയതിയതില് മാറ്റമൊന്നുമുണ്ടാകില്ല. നേരത്തേ തീരുമാനിച്ച പ്രകാരം മാര്‍ച്ചില്‍ തന്നെയാകും ചിത്രം പുറത്തിറങ്ങുക.
Content Highlights : roshni dinaker about mystory film cyber attack against parvathy disliking song parvathy kasaba