മേഘനാഥന്‍, മലയാള സിനിമയില്‍ ആരും അല്‍പ്പം പേടിയോടെ കണ്ടിരുന്ന, പ്രതിനായക വേഷങ്ങളില്‍ തിളങ്ങി നിന്ന താരം. പഴയകാല നടന്‍ ബാലന്‍ കെ. നായരുടെ മകൻ. 1983ല്‍ അസ്ത്രം എന്ന ചിത്രത്തില്‍ തുടങ്ങിയ മേഘനാഥന്റെ അഭിനയ ജീവിതം ഇന്ന് 1971: ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ എത്തി നില്‍ക്കുന്നു. വില്ലന്‍ വേഷങ്ങളില്‍ സ്ഥിര സാന്നിധ്യമാവുകയും ഇടക്കാലത്ത് ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോവുകയും ചെയ്ത മേഘനാഥന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ കഥാപാത്രമാണ്. ആരുടേയും മനസ്സില്‍ ഇടം നല്‍കുന്നൊരു കഥാപാത്രം. അതിനു ശേഷം അദ്ദേഹത്തെ തേടിവന്ന കഥാപാത്രങ്ങള്‍ക്ക് പ്രതിനായകമുഖങ്ങളായിരുന്നില്ല ഉണ്ടായിരുന്നത്. ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള സാധാരണ വേഷങ്ങള്‍. നായകനെതിരെയല്ല നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങള്‍. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മേഘനാഥന്‍-

പുതിയ ചിത്രത്തെ കുറിച്ച്?

വളരെ സന്തോഷമുണ്ട് ഈ വര്‍ഷം എന്റെ പടം റിലീസായതില്‍. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടന്റെ കൂടെ റിലീസാവുന്ന രണ്ടാമത്തെ ചിത്രമാണ് 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്. ചെങ്കോല്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ലാലേട്ടനൊപ്പം അവസാനം അഭിനയിച്ചത്. അതിന് മുമ്പ് പഞ്ചാഗ്നിയിലും അഭിനയിച്ചിരുന്നു.. പിന്നീട് ചില അവസരങ്ങള്‍ വന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല. എന്തായാലും ലാലേട്ടന്റെ കൂടയുള്ള രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയതില്‍ ഏറെ സന്തോഷമുണ്ട്. പുലിമുരുഗന് ശേഷം ലാലേട്ടന്‍ ജനഹൃദയങ്ങളില്‍ ഒരു തരംഗമായി  നില്‍ക്കുന്ന സമയം കൂടിയാണിത്. ആ സമയത്ത് ഒരു ചെറിയ വേഷമാണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ചിത്രത്തിന്റെ നിര്‍മാതാവിനോടും സംവിധായകനോടും കടപ്പെട്ടിരിക്കുന്നു.

ബിയോണ്ട് ബോര്‍ഡേഴ്‌സിലെ അനുഭവം?

എല്ലാവര്‍ക്കും അറിയാം ഇത് മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടിലിറങ്ങിയ ഒരു യുദ്ധചിത്രമാണെന്ന്. ഇതില്‍ മഹാദേവന്‍ എന്ന കഥാപാത്രമായും മഹാദേവന്റെ അച്ഛന്‍ കഥാപാത്രമായും ലാലേട്ടന്‍ എത്തുന്നുണ്ട്. അതില്‍ അച്ഛന്‍ കഥാപാത്രത്തിന്റെ നാട്ടിലെ നാല് സുഹൃത്തുക്കളില്‍ ഒരാളാണ് ഞാന്‍. എന്റേത് ഒരു മുസ്ലിം കഥാപാത്രമാണ്. പേര് സുലൈമാന്‍. ലാലേട്ടനൊപ്പം ഏറെ അടുത്തു നില്‍ക്കുന്ന കഥാപാത്രമാണ്. എന്റെ കഥാപാത്രത്തെ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത് തന്നെ ലാലേട്ടനാണ്. പക്ഷെ രണ്ടോ മൂന്നോ സീനുകളിലും ഒരു പാട്ട് സിനീലും മാത്രമേ ഞാനുള്ളൂ.  ലാലേട്ടനൊപ്പം ഒരു പാട്ട് സീനില്‍ വരുന്നത് ആദ്യമായാണ്. അതു തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. എല്ലാ ചിത്രങ്ങളിലും എന്നെ വില്ലവേഷങ്ങളിലാണ് കണ്ടിട്ടുണ്ടാവുക. അതില്‍ നിന്നും വ്യത്യസ്തമായി ഒരു തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. സിനിമ തീയറ്ററില്‍ മാത്രമല്ലേ കാണുകയുള്ളൂ? പാട്ടാകുമ്പോള്‍ എപ്പോഴും ആളുകള്‍ കാണും അതില്‍ എന്റെ മുഖവും. വില്ലന്‍ വേഷങ്ങള്‍ വിട്ട് നായകനൊപ്പം പാട്ടുസീനില്‍ വരെ വരാന്‍ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്.   മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

2017ലെ എന്റെ ആദ്യ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ലാലേട്ടനൊപ്പമാണ് ഈ ചിത്രത്തിലും ഞാന്‍ അഭിനയിച്ചത്. അതില്‍ ഒരു ചായക്കടക്കാരന്റെ വേഷമാണെനിക്ക്. സംവിധായകന്‍ ജിബു ജേക്കബ് എന്നെ വിളിക്കുമ്പോള്‍ ഒരു ചെറിയ വേഷമാണെന്നും ലാലേട്ടനൊപ്പം ഒരു കോമ്പിനേഷന്‍ സീനില്‍ വരുന്നുണ്ടെന്നും മാത്രമേ എന്റെയടുത്ത് പറഞ്ഞിരുന്നുള്ളൂ. ഒരു പാര്‍ട്ടി അനുഭാവിയായ കഥാപാത്രം കൂടിയാണ് എന്റെ കഥാപാത്രം. നല്ലൊരു രംഗമാണ് ചിത്രത്തില്‍ എനിക്കുള്ളത്. ചെറുതാണെങ്കിലും മികച്ച അഭിപ്രായങ്ങള്‍ തന്ന കഥാപാത്രമായിരുന്നു അത്.

Meghanathan

ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം

ഒരു വലിയ ഇടവേളയ്ക്ക് ശേഷം എന്റെ ജീവിതം പച്ചപിടിപ്പിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. അതുവരെ ചെയ്തുവന്നിരുന്ന വേഷങ്ങളില്‍ നിന്നും ഒരു മാറ്റമുണ്ടായത് ഈ ചിത്രത്തിലൂടെയാണ്. അതുവരെ നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എനിക്ക് അതിന് ശേഷം വന്നതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു. ഒരു ചിത്രത്തില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമാണ്. ഈ ചിത്രമിറങ്ങിയതിന് ശേഷം ഒരുപാടുപേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. എന്റെ ഈ പത്തു മുപ്പത് കൊല്ലത്തിനിടയ്ക്ക് എന്റെ ഒരു കഥാപാത്രം നന്നായിട്ടുണ്ടെന്ന് എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ വിളിച്ചു പറയുന്നത് ഈ ചിത്രത്തിലൂടെയാണ്.  

വില്ലന്‍ വേഷങ്ങളില്‍ നിരാശ തോന്നിയിട്ടുണ്ടോ?

എന്റെ കരിയറില്‍ ആദ്യകാലങ്ങളിലെല്ലാം ചെയ്തിട്ടുള്ളത് വില്ലന്‍ വേഷങ്ങളാണ്. വില്ലന്‍ വേഷങ്ങളാണെങ്കിലും എല്ലാ ചിത്രങ്ങളിലും എനിക്ക് നാലോ അഞ്ചോ സീനുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അതില്‍ കൂടുതലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല ഒരു സിനിമയിലും. ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ആകെ നാല് സീനുകളിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആ കഥയുടെ വലിയൊരു ഭാഗത്ത് മറ്റു കഥാപാത്രങ്ങളിലൂടെ എന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ ഇതുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കിട്ടിയിരുന്നതെങ്കില്‍ പിന്നീട് കഥാപാത്രങ്ങളുടെ പ്രാധാന്യം കുറയുകയും ഒരു സീനിലോ ഫൈറ്റിലോ മാത്രമായി എന്റെ കഥാപാത്രം ഒതുങ്ങുകയും ചെയ്തു. അങ്ങനെ വന്നപ്പോള്‍ അത്തരം കഥാപാത്രങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണുണ്ടായത്. ആയിടക്ക് ഒന്നു രണ്ട് സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചു. പോസിറ്റീവ് കഥാപാത്രങ്ങളായിരുന്നു അതിലെനിക്ക്. പിന്നീടെനിക്ക് ഒരു മാറ്റമുണ്ടായത് ആക്ഷന്‍ ഹീറോ ബിജുവിലാണ്. അതിനുശേഷം കിട്ടിയതെല്ലാം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ്. പക്ഷെ നല്ലതാണെങ്കില്‍ വില്ലന്‍ വേഷങ്ങളാണെങ്കിലും ചെയ്യും. വളരെ സെലക്ടീവാകാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന സീനുകളില്‍ ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാവണം. വെറുതെ ഒരു സീനിനും അടിയ്ക്കും മാത്രമായുള്ള കഥാപാത്രങ്ങളെ മാറ്റിനിര്‍ത്തി കൂടുതല്‍ ശ്രദ്ധകിട്ടുന്ന വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. 

 എന്തുകൊണ്ട് കോമഡിയിലേക്ക് തിരിഞ്ഞില്ല?

ഹനീഫിക്ക, ജനാര്‍ദനന്‍ ചേട്ടന്‍, നരേന്ദ്ര പ്രസാദ് ഏറ്റവും ഒടുവില്‍ ബാബുരാജ് തുടങ്ങിയ നിരവധി താരങ്ങള്‍ വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്ക് വന്നിട്ടുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു വേഷം കൊടുത്തതുകൊണ്ടാണ് അവര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനായത്. നമ്മള്‍ ഒരു നെഗറ്റീവ് വേഷത്തില്‍ തിളങ്ങി കഴിയുമ്പോള്‍ പിന്നെ ആ കണ്ണിലൂടെയാണ് എല്ലാവരും നമ്മളെ നോക്കിക്കാണുന്നത്. അത് ആരും മാറി ചിന്തിക്കുന്നില്ല. പുതിയ സംവിധായകരോ അല്ലെങ്കില്‍ പഴയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ആ രീതിയില്‍ മാറി ചിന്തിക്കുമ്പോഴേ ഞങ്ങള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുകയുള്ളൂ. അങ്ങനെ വരുമ്പോഴേ ആ മേഖലയില്‍ തിളങ്ങാനാവുമോ എന്ന് ഞങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം കോമഡി ചെയ്യാന്‍ എന്റെ ശരീരം അത്ര ഫ്‌ളക്‌സിബിള്‍ അല്ല. സലിം കുമാറിനെ പോലെയോ അമ്പിളി ചേട്ടനെ പോലെയോ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ശ്രീനിയേട്ടനെ യൊക്കെ പോലെ തമാശ ചെയ്യാന്‍ എനിക്ക് ചിലപ്പോള്‍ സാധിച്ചേക്കും.

അഭിനയത്തിനൊപ്പം ഒരു കര്‍ഷകനും കൂടിയാണല്ലോ?

എല്ലാ കൊല്ലവും നാലോ അഞ്ചോ പടങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. അതിനു വേണ്ടി മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണ് വേണ്ടിവരാറ്. ബാക്കിയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണെന്ന സംശയം പലരും ചോദിക്കാറുണ്ട്. വെറുതെയിരിക്കുകയാണോയെന്ന തോന്നലുണ്ടാവും അവര്‍ക്ക്. ഞാന്‍ ഷൊര്‍ണൂരിലാണ് താമസം. എന്റെ അച്ഛന്റെ വീട് കോഴിക്കോടും. അമ്മയുടെ വീട് ഷൊര്‍ണൂരെ വാടാനംകുറിശ്ശിയുമാണ്. അമ്മയുടെ അമ്മയ്ക്ക് അസുഖമായ സമയത്താണ് ഞങ്ങള്‍ ഷൊര്‍ണൂരിലേയ്ക്ക് മാറുന്നത്. അതിനുശേഷം പഠിച്ചതും വളര്‍ന്നതുമെല്ലാം ഷൊര്‍ണൂരാണ്. എന്റെ അമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയ വയലുകളുണ്ടായിരുന്നു. നെല്‍കൃഷിയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെ കുറച്ച് റബ്ബറും തെങ്ങും കവുങ്ങും കുരുമുളകും എല്ലാം ഞങ്ങളവിടെ കൃഷിചെയ്യുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ കൃഷി കണ്ടുവളര്‍ന്നതാണ്. സമയം കിട്ടുമ്പോഴൊക്കെ  വയലിലെ പണിക്കാര്‍ക്കൊപ്പം ഞാനും കൂടുമായിരുന്നു. വളര്‍ന്നതിന് ശേഷം ഞാനാണ് ആ കൃഷിയെല്ലാം നടത്തിക്കൊണ്ടു പോരുന്നത്. ഞാന്‍ വാങ്ങുന്ന എന്റെ ആദ്യത്തെ വാഹനം ട്രാക്ടറാണ്. അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്. നാലഞ്ച് ഏക്കര്‍ കൃഷിയിടമുണ്ട്. കഴിഞ്ഞ വര്‍ഷം വരെ അവിടെ മുടങ്ങാതെ കൃഷിയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ആളുകളെ കിട്ടാതായപ്പോള്‍ ബംഗാളികളെ ഇറക്കി വരെ പണിയെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ വയലില്‍ പന്നികളുടെയും പക്ഷികളുടെയുമെല്ലാം ശല്യം ശല്യം വര്‍ധിച്ചു. പന്നിയെ പിടിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് ശല്യം കൂടിയത്. ഒപ്പം കിട്ടുന്ന വിളവിന് കാര്യമായ വില കിട്ടാതാവുകയും ചെയ്തു. ഈ വര്‍ഷം പക്ഷെ കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ല. 

അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍

കുട്ടിക്കാലത്ത് ഷൊര്‍ണൂരാണ് ഞാൻ പഠിച്ചത്. ഞാന്‍ നന്നായി പഠിക്കുന്നതുകൊണ്ട് (ചിരിക്കുന്നു) അച്ഛന് തോന്നി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ലെന്ന്. അച്ഛന്‍ അക്കാലത്ത് മദ്രാസിലാണ് എപ്പോഴും. ഷൊര്‍ണൂരുള്ള ഞങ്ങള്‍ക്ക് ശരിക്കും പറഞ്ഞാല്‍ അച്ഛന്‍ ഒരു വിരുന്നുകാരനായിരുന്നു. കാരണം ഷൂട്ടിങ്ങെല്ലാം മദ്രാസിലെ സ്റ്റുഡിയോയിലാണ് നടക്കാറ്. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ളഅച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം റൂമാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗലാപുരം മെയിലിന് വന്നാല്‍ വൈകുന്നേരം മദ്രാസിലേക്ക് മടങ്ങാറാണ് അച്ഛന്റെ പതിവ്. ആ സമയത്ത് എന്നെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ഞാന്‍ ലേശമൊന്ന് ഉഴപ്പി. അതോടെ പത്താം ക്ലാസായപ്പോള്‍ അച്ഛന്‍ എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള പഠനം അവിടെയായിരുന്നു. അങ്ങനെയാണ് ഞാന്‍ മദ്രാസിലെത്തുന്നത്. അന്ന് അച്ഛന്റെ കൂടെയായിരുന്നു താമസം. ഞാന്‍ എപ്പോഴും ഇപ്പോഴും അറിയപ്പെടുന്നത് ബാലന്‍ കെ. നായരുടെ മകനായിട്ടാണ്. അച്ഛന്‍ മരിച്ചിട്ട് 17 കൊല്ലമായി. ഇന്നും അദ്ദേഹം ഓര്‍മിക്കപ്പെടുന്നു എന്നതില്‍ വളരെയധികം സന്തോഷവുമുണ്ട്. 

സിനിമയിലെത്തുന്നത്?

സിനിമയില്‍ വരുന്നതിന് മുമ്പേ ഒരുവിധം സംവിധായകരെയെല്ലാം എനിക്ക് അറിയാമായിരുന്നു. ട്രസ്റ്റ്പുരത്തെ ഒരു സ്‌കൂളിലാണ് ഞാന്‍ അന്ന് പഠിച്ചിരുന്നത്. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ സ്‌കൂളിന് പിന്നിലുള്ള പി.എന്‍. മേനോന്‍ സാറിന്റെ വീട്ടിലേക്കാണ് വരാറ്. മേനോന്‍ സാറ് പരസ്യകല ചെയ്യാറുള്ളതുകൊണ്ട് എല്ലാ ചിത്രങ്ങളുടേയും ആല്‍ബങ്ങള്‍ അവിടെയുണ്ടായിരുന്നു. ഈ ആല്‍ബങ്ങള്‍ നോക്കിയിരിക്കുന്നതിനിടെയാണ് ഒരിക്കല്‍ മേനോന്‍ സാര്‍ എന്നോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. എനിക്ക് അഭിനയം അറിയില്ലെങ്കിലും ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അക്കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ അസ്ത്രം എന്ന ചിത്രത്തില്‍ ഞാന്‍ വരുന്നത്. മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. 

നായകന്റെ മകന്‍ നായകനാവാറുള്ള പോലെ വില്ലന്റെ മകന്‍ വില്ലനായതാണോ സിനിമയില്‍? 

ആദ്യം കിട്ടിയതും ശോഭിച്ചതുമെല്ലാം വില്ലന്‍ വേഷങ്ങളില്‍ തന്നെയാണ്. നമ്മുടെ രൂപവും അങ്ങനെ ആയതുകൊണ്ടായിരിക്കാം നായകവേഷമൊന്നും കിട്ടിയിട്ടില്ല. എന്നാലും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അപ്പൂപ്പന്‍ താടി എന്നൊരു ചിത്രത്തില്‍ നായകന്റെ അച്ഛനായി ഒരു മുഴുനീള കഥാപാത്രം കിട്ടിയിരുന്നു. അതില്‍ വിഗ്ഗൊക്കെ വെച്ച് എന്റെ മുഖത്തിന് ഒരു ചെറുപ്പം വന്നിരുന്നു. വില്ലന്മാരുടെ മക്കള്‍ക്ക് നായകവേഷം ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. വില്ലന്‍ വേഷം ചെയ്യുന്ന സമയത്ത് എനിക്കും ആഗ്രഹമുണ്ട് നായകവേഷം ചെയ്യണമെന്ന്. പിന്നെ ആഗ്രഹിച്ചതെല്ലാം നമുക്ക് നേടിയെടുക്കാന്‍ സാധിക്കില്ലല്ലോ? എല്ലാത്തിനും സമയവും ഭാഗ്യവുമെല്ലാം ഒരു ഘടകമാണ്. ഒരു സമയത്ത് സംവിധായകര്‍ നമുക്ക് വേണ്ടി വില്ലന്‍ വേഷങ്ങള്‍ ചിന്തിക്കുകയും തിരക്കഥാകൃത്തുക്കള്‍ നമുക്ക് വേണ്ടി നെഗറ്റീവ് കഥാപാത്രങ്ങളായി തൂലിക ചലിപ്പിക്കുകയും ചെയ്തു. അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ ഇന്ന് ഉള്ളതുകൊണ്ടും പരീക്ഷിക്കാന്‍ പുതിയ നിര്‍മാതാക്കള്‍ ഉള്ളതുകൊണ്ടും നായകവേഷം ചെയ്യാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.   

കുടുംബം, നാട്ടുകാര്‍ തുടങ്ങി പല ഘടകങ്ങളുടെയും സാന്നിധ്യം കുറവാണല്ലോ ഇന്ന് സിനിമയില്‍? പഴയ താരങ്ങളെ പുതുതലമുറ അവഗണിക്കുന്നുണ്ടോ?

പലരും പറയാറുണ്ട് പഴയ കലാകാരന്മാരെ പുതിയ ആളുകള്‍ കാണുന്നില്ല, അവര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നില്ല എന്നൊക്കെ. കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന പുതു തലമുറ ചിത്രങ്ങളും ഇറങ്ങുന്നുണ്ട്. പക്ഷെ അതെല്ലാം പുതിയ ആളുകള്‍ ചെയ്യുന്നുണ്ട് എന്ന് മാത്രമേയുള്ളു. അപ്പോള്‍ പഴയ ആളുകള്‍ക്ക് അവസരം കമ്മിയാവും എന്നത് ഒരു സത്യമാണല്ലോ? എല്ലാവരും പുതുമതേടി പോവുകയാണ്. അപ്പോള്‍ പഴയ ആളുകളെ മറന്നു പോവുന്നു. സാമ്പത്തികവും പുതുമയും ഉള്‍പ്പടെ എല്ലാ ഘടകങ്ങളും നോക്കുമല്ലോ സിനിമയില്‍? അതുകൊണ്ടായിരിക്കാം പലര്‍ക്കും അവസരം കുറയുന്നത്. എന്റെ അഭിപ്രായത്തില്‍ പുതിയ സിനിമകളില്‍ വേഷങ്ങള്‍ക്ക് കുറവൊന്നുമില്ല പുതിയ ആളുകള്‍ വരുന്നു എന്നുള്ളതാണ് സത്യം. പുതിയ ആളുകള്‍ വരാന്‍ പാടില്ല എന്ന് പറയാന്‍ പാടില്ലല്ലോ. എല്ലാവര്‍ക്കും അഭിനയിക്കാനുള്ള അവസരം ഇവിടെയുണ്ട്. കഴിവുള്ളവര്‍ നിരവധി പേര്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഉയര്‍ന്നു വരാന്‍ സാധിക്കില്ല. അതിന് ഈശ്വരാധീനവും ഭാഗ്യവും വേണമെന്നേ എനിക്ക് പറയാനൊക്കൂ.

കുടുംബം?

കുടുംബത്തില്‍ എന്റെ അമ്മയുണ്ട്. അമ്മയുടെ പേര് ശാരദ. ഭാര്യയുടെ പേര് സുസ്മിത. ഒരു മകളുണ്ട് പാര്‍വതി. അവള്‍ കോഴിക്കോട്ട് ഡിഗ്രിക്ക് പഠിക്കുന്നു. ചെറിയ കുടുംബം സന്തുഷ്ട കുടുംബം.

പുതിയ പ്രൊജക്ടുകള്‍?

ഒരു വര്‍ഷത്തില്‍ നാല് ചിത്രങ്ങളില്‍ മാത്രമേ നേരത്തെ അഭിനയിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതിനൊരു മാറ്റം വന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ആദ്യ ചിത്രം ലാലേട്ടന്റെ കൂടെ 1971: ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് ചെയ്തു. അതിന് ശേഷം ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേയ്‌സ് ചെയ്തു. പിന്നെ സ്റ്റെതസ്‌കോപ് എന്നൊരു ചിത്രം. അതില്‍ ഡോക്ടറായാണ ഞാന്‍, ക്യാപ്റ്റന്‍ രാജു, ഡോക്ടര്‍ വേണുഗോപാല്‍, റിസബാവ എന്നിവരെല്ലാമുണ്ട് അതില്‍. സഖാവ് എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നെങ്കിലും സ്റ്റെതസ്‌കോപിന്റെ തിരക്കുകളിലായതിനാല്‍ പോവാന്‍ സാധിച്ചില്ല.  അങ്ങനെ പുതിയ ചിത്രങ്ങള്‍ വരുന്നുണ്ട്. പലതും പോസിറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് വരുന്നത്. ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേയ്‌സ്, തൃശ്ശിവപേരൂര്‍, കാലിയന്‍ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മേയില്‍ രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അതുകൊണ്ട് ഈ കൊല്ലം നല്ല കൊല്ലമായിത്തീരും നല്ലവേഷങ്ങള്‍ ലഭിക്കും എന്ന് വിശ്വസിക്കുന്നു പ്രാര്‍ഥിക്കുന്നു.