ലോകസിനിമയെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായി എം.ടി.വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' 'മഹാഭാരതം' എന്ന പേരില്‍ വരികയാണ്. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ്  ചിത്രം അണിയിച്ചൊരുക്കുന്നത്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.

മഹാഭാരതമെന്നാല്‍ ഭീമന്‍ മാത്രമല്ല നിരവധി കഥാപാത്രങ്ങളുണ്ട്. ശക്തമായ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ മികച്ച താരങ്ങളുടെ ഒരു വലിയ നിരതന്നെ വേണ്ടിവരും സംവിധായകന്‍ ക്ലബ് എഫ്എമിൽ ആർ.ജെ. ഷാനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബിആര്‍ ഷെട്ടിയുടെ ദീര്‍ഘവീക്ഷണവും മഹാഭാരതം എന്ന കൃതിയോടുള്ള താല്‍പര്യവുമാണ് രണ്ടാമൂഴം യാഥാര്‍ഥ്യമാകാനുള്ള കാരണം. അല്ലെങ്കില്‍ പേപ്പറില്‍ ഒരുങ്ങിപ്പോയേനെ. ഏഷ്യയിലെ രണ്ടാമത്തെ വലിയ ചിത്രവും ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രവുമാണിത്. ഈ നോവല്‍ ഇത്ര വലിയ ബജറ്റില്ലാതെ ചെയ്യാനാവില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് ധാരണയുണ്ട് എന്നാല്‍ ആര് അഭിനയിക്കും എന്നത് ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാസ്റ്റിങ് ഏജന്‍സിയെ ഏല്‍പിച്ചിട്ടുണ്ട്.

മമ്മൂട്ടി, ഹൃത്വിക്, ആമിര്‍, ബച്ചന്‍

മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏത് സിനിമാക്കാരുടെയും സ്വപ്‌നമാണ്. മഹാഭാരതത്തെ സംബന്ധിച്ചേടത്തോളം കഥാപാത്രത്തിന് അനുസരിച്ചുള്ള കാസിറ്റിങ് ആയിരിക്കും. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രം മഹാഭാരതത്തിലുണ്ട്. അദ്ദേഹത്തെ ഞാന്‍ ഇതുവരെ സമീപിച്ചിട്ടില്ല. നാളെ മമ്മൂട്ടി ഒരു കഥാപാത്രമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടാനില്ല. അത് എന്റെയും എല്ലാവരുടെയും ആഗ്രഹമാണ്. ശ്രീകൃഷ്ണനായി മനസ്സില്‍ കാണുന്നത് ഹൃത്വിക് റോഷനെയും മഹേഷ് ബാബുവിനെയുമാണ്. പൃഥ്വിരാജ് തീര്‍ച്ചായായും ഈ സിനിമയുടെ ഭാഗമാകേണ്ട നടനാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പറയുന്നത്. കഥാപാത്രങ്ങളെ അന്വേഷിക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച താരങ്ങൾ തന്നെ വേണ്ടിവരും. ഇനി ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച് പറയാം. അമര്‍ചിത്ര കഥകൾ വായിച്ച് നമ്മുടെ മനസ്സിൽ പതിഞ്ഞൊരു സങ്കല്‍പമുണ്ട്. മഹാഭാരത കഥ എല്ലാവര്‍ക്കും അറിയുന്നതുകൊണ്ട് അത് പുന:സൃഷ്ടിക്കുക എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ. കേരളത്തിലെ നാട്ടിന്‍പുറത്തുള്ളവര്‍ പോലും ട്രോയ്, ഗ്ലാഡിയേറ്റര്‍ പോലുള്ള ചിത്രങ്ങള്‍ കണ്ടു ശീലിച്ചവരാണ്. അതുകൊണ്ട് തന്നെ സങ്കല്‍പത്തിനപ്പുറം സാങ്കേതികവിദ്യ സഞ്ചരിക്കണം. ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധരെ പങ്കാളികളാക്കേണ്ടിവരും.

മഹാഭാരതത്തിന് മുന്‍പ് ഒടിയന്‍

1950-60 കാലഘട്ടങ്ങളിലെ ഒടിവിദ്യയെക്കുറിച്ചുള്ള സിനിമയാണിത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം കേള്‍ക്കാം