karthik singer
ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍

 

പാട്ടിന് മാത്രമല്ല, പാട്ടുകാർക്കുമില്ല അതിർവരമ്പ്. താളവും ശ്രുതിയും ചേർന്ന ഇമ്പമാർന്ന ഈണം പോലെ കാല,ദേശാതിർത്തികൾ ഭേദിച്ച്  അവരുടെ പെരുമയും ഒഴുകിപ്പരക്കും. തമിഴ്നാട്ടിൽ ജനിച്ച കാർത്തിക്കിന്റെ സ്വരവും പെരുമയും ദേശവും ഭാഷയും കടന്ന് സഞ്ചരിക്കുകയാണ്. തമിഴിന് പുറമെ, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട, ഒറിയ, ബംഗാളി ഭാഷകളിലായി 2000ത്തിലധികം ഗാനങ്ങള്‍ക്ക് ഈ യുവഗായകന്‍ ശബ്ദം നല്‍കിയത്. ഒട്ടുമിക്ക പ്രഗത്ഭരായ സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചുകഴിഞ്ഞു. ഗാനാസ്വാദകർ ഹൃദ്യമായൊരു ഈണം പോലെ നെഞ്ചോട് ചേർക്കുന്നതാണ് കാർത്തിക്കിന്റെ ആലാപനത്തെ.

സംഗീതത്തിലേക്ക്

ശാന്ത പ്രകൃതമുള്ള കുട്ടിയായിരുന്നു ഞാന്‍. നാല് വയസ്സായപ്പോള്‍ അമ്മ എന്നെ കര്‍ണാടക സംഗീതക്ലാസില്‍ ചേര്‍ത്തു. ഒരു വര്‍ഷം മാത്രമേ ഞാന്‍ അവിടെ പോയുള്ളൂ. ക്ലാസില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. ആൺകുട്ടികളായി ഞാനും മറ്റൊരാളും മാത്രം. ആ കുട്ടി ഇടയ്ക്ക് പഠനം നിര്‍ത്തിയപ്പോള്‍ ക്ലാസിൽ ഞാൻ ഒറ്റയ്ക്കായി. പിന്നെ ക്ലാസിൽ പോകാൻ നാണമായി. പോകാന്‍ കൂട്ടാക്കാതായി. അങ്ങിനെ സംഗീതപഠനം നിലച്ചു.

ജീവിതം മാറ്റിമറിച്ച് സ്‌കൂളിലെ ആ പരിപാടി

എനിക്ക് പാട്ട് പാടാന്‍ കഴിയുമെന്നത് മറ്റുള്ളവര്‍ തിരിച്ചറിയാന്‍ തുടങ്ങിയത് സ്‌കൂളിലെ ഒരു പരിപാടിയിൽ വച്ചാണ്. 'യെസ് ബോസ്' എന്ന ചിത്രത്തിലെ 'മേം കോയി ഐസാ ഗീത് ഗാവൂം.. 'എന്ന പാട്ടാണ് പാടിയത്. എല്ലാ കൂട്ടുകാരും എന്നെ അഭിനന്ദിച്ചു. ആ ദിവസം മുതല്‍ സംഗീതത്തോടുള്ള എന്റെ താല്‍പര്യം കൂടി. 10 വര്‍ഷം മുന്‍പ് പടിയിറങ്ങിയ പാട്ട്ക്ലാസിലേക്ക് ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം വീണ്ടും ചെന്നു. ആ സംഭവമാണ് എന്റെ സംഗീതജീവിതം മാറ്റിമറിച്ചതെന്ന് വിശ്വസിക്കുന്നു. 

ഇവരെല്ലാം എനിക്ക് പ്രചോദനം

കുട്ടിക്കാലം മുതലേ തന്നെ ഞാന്‍ കേള്‍ക്കുന്ന പല ശബ്ദങ്ങളോടും എനിക്ക് കടുത്ത ആരാധനയാണ്. അതില്‍ എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, മെഹദി ഹസന്‍ എന്നിവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇളയരാജ, എ ആര്‍ റഹ്മാന്‍ ഇവരുടെ പാട്ടുകള്‍ എന്നിലെ ഗായകനെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കര്‍ണാടക സംഗീതത്തിന് പുറമെ ഹിന്ദുസ്ഥാനി, ഗസല്‍ എന്നിവയെല്ലാം ഞാന്‍ പഠിക്കുന്നുണ്ട്. കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിന് പിറകെ പോകുന്നതിലപ്പുറം മറ്റൊരു മാനദണ്ഡവുമില്ല എനിക്ക് സംഗീതത്തിന്റെ കാര്യത്തിൽ. 

വഴിത്തിരിവായി റഹ്മാനുമായുള്ള കൂടിക്കാഴ്ച

എആര്‍ റഹ്മാനുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവ്. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ് സംഗീതം പ്രൊഫഷനായി സ്വീകരിച്ചത്. പതിനേഴ് വയസ്സായതു മുതല്‍ റഹ്മാന്‍ സാറിനെ കാണണം എന്നതായിരുന്നു സ്വപ്നം. എന്റെ അടുത്ത കൂട്ടുകാരന്റെ ബന്ധുവായിരുന്നു ഗായകന്‍ ശ്രീനിവാസന്‍ സാര്‍. അദ്ദേഹമാണ് റഹ്മാന്‍ സാറിനെ എനിക്ക് പരിചയപ്പെടുത്തിയത്. ജീവിതത്തില്‍ ഞാന്‍ ഏറെ സന്തോഷിച്ച ഒരു നിമിഷമായിരുന്നു അത്. 20 വയസ്സുള്ള ഒരു ചെറിയ പയ്യനായിരുന്നു ഞാന്‍. അത്രയും ചെറിയ പ്രായത്തില്‍ എനിക്ക് അവസരം നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. റഹ്മാന്‍ സാറിന് വേണ്ടി പാടിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ ഒരു വലിയ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ അനുഭവമായിരുന്നു. പിന്നീട് എനിക്ക് ഇളയരാജ സാര്‍, ഹാരിസ് ജയരാജ സാര്‍, വിദ്യാസാഗര്‍ സാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട, ഒറിയ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളില്‍ പാടി. 

മലയാളം കടുകട്ടിയാണ്... എന്നാല്‍ ഏറെ ഇഷ്ടവും

മലയാളത്തില്‍ ആദ്യമായി പാടാന്‍ അവസരം നല്‍കിയത് എം ജയചന്ദ്രന്‍ സാറാണ്. 'അകലെ' എന്ന ചിത്രത്തിലെ 'അകലെ അകലെ ആരോ...' എന്ന ഗാനം. തുടക്കത്തില്‍ മലയാളം പാടാന്‍ എന്നെ കൊണ്ടാവില്ല എന്നാണ് തോന്നിയത്. സ്റ്റുഡിയോയില്‍ എന്തോ മാജിക് നടന്നു. ഒരുവിധം പാടിത്തീര്‍ത്തു. മലയാളം പാടുന്നത് ബുദ്ധിമുട്ടുള്ള  ഒരു പരീക്ഷ പാസാവുന്ന പോലെ ബുദ്ധിമുട്ടാണ്. എങ്കിലും അകലേയ്ക്കുശേഷം ഒരുപാട് മലയാളം പാട്ടുകള്‍ പാടി. അവസാനം പാടിയത് ജയിംസ് ആന്റെ ആലീസ് എന്ന ചിത്രത്തിലാണ്. വരാനിരിക്കുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിലും ഞാന്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നില്ല. ഒരു സര്‍പ്രൈസാണ്. 

'മ്യൂസിക് ഐ ലൈക്ക് '

കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി എന്ന നിലയിലാണ് മ്യൂസിക് ഐ ലൈക്ക് എന്ന ആല്‍ബം ഒരുക്കിയത്. ഭാരതീയാര്‍ കൃതികളും, ഭജന്‍ എന്നിവയാണ് ഇതിനുവേണ്ടി ആശ്രയിച്ചത്. കര്‍ണാടക സംഗീതത്തെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് കൂടി ആസ്വദ്യകരമായിരിക്കണം ആലാപനം എന്നതായിരുന്നു എന്റെ ലക്ഷ്യം. നല്ല പ്രതികരണങ്ങളാണ് എനിക്കിപ്പോള്‍ ലഭിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ടവരില്‍ നിന്ന്. 

കേരളം...

കേരളം എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. ഇവിടുത്തെ ആളുകള്‍ക്ക് സംഗീതത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. കൃത്യമായ അഭിപ്രായങ്ങളുണ്ട്. ഇവിടുത്തെ ഭക്ഷണം, സംസ്‌കാരം ഇവയെല്ലാം എറെ ആകര്‍ഷിക്കുന്നു.