ഭിനയം പലപ്പോഴും ഭാഷയുടെ അതിര്‍വരമ്പുകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില്‍ വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്‍ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില്‍ അവരെയൊന്ന് കാണാന്‍ മനസ്സ് കൊതിക്കും. 

'ഗാങ്സ് ഓഫ് വസേപുര്‍' എന്ന ആദ്യചിത്രം മുതല്‍ ആസ്വാദകശ്രദ്ധ നേടിയ ഹുമ ഖുറേഷി 'വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ പൂര്‍ത്തിയാകുന്നതും ഇതേ ആഗ്രഹമാണ്. ഭാഷയുടെ അതിരുകള്‍ കഴിവുകൊണ്ട് മറികടന്ന് നമ്മുടേതാകാന്‍ ഒരാള്‍ കൂടി. ചിന്തിക്കുന്ന നടി എന്ന ലേബലില്‍ അറിയപ്പെടുന്ന, അഭിനയിച്ച സിനിമകളിലെ വേഷപ്പകര്‍ച്ചകള്‍ കൊണ്ട് ആസ്വാദകരെ അമ്പരപ്പിച്ച ഹുമയുടെ മികവ് ഇനി മലയാളത്തിനുകൂടി അവകാശപ്പെട്ടതാകുന്നു. 

White

അതും മലയാളിയുടെ സ്വന്തം മമ്മൂക്കയുടെ നായികയായെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്. അപരിചിതത്വമില്ല. മികച്ച വേഷങ്ങള്‍ക്കു മുന്നില്‍ ഭാഷയുടെ തടസ്സം മനോഹരമായി മറികടന്ന് നടത്തുന്ന പ്രകടനങ്ങളിലേക്കുള്ള ദൂരം ജൂലായ് 29 വരെ മാത്രം. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത വൈറ്റ് പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുന്നത് അന്നാണ്. ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില്‍ നിന്നും.

തിയറ്റര്‍ ആര്‍ട്ടിസ്റ്റ് സിനിമയിലെത്തിയപ്പോള്‍

തിയറ്റര്‍ അഭിനയവും സിനിമാ അഭിനയവും രണ്ടും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടും നല്ലതാണ്. തിയറ്റര്‍ പെര്‍ഫോമന്‍സ് ലൈവ് ആണ്. സിനിമയാണെങ്കില്‍ റിലീസിങ് വരെയുള്ള സമയം, പ്രൊഡക്ഷന് ശേഷമുള്ള എഫര്‍ട്ട് എന്നിവയെല്ലാം ചേരുന്നതും കൂടിയാണ്. ഞാന്‍ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം എന്റെ അഭിനയം കൂടുതല്‍ ആളുകള്‍ കാണണം, വലിയ ഓഡിയന്‍സിന് മുന്‍പില്‍ എന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കണം എന്ന ശക്തമായ ആഗ്രഹം വന്നതുകൊണ്ടാണ്. തിയറ്റര്‍ പെര്‍ഫോമന്‍സുകള്‍ ഒരേ സമയം കൂടി വന്നാല്‍ മുന്നൂറ് പേര്‍ക്കേ കാണാന്‍ കഴിയൂ. എന്നാല്‍ സിനിമ ഒറ്റ ഷോയിലൂടെ തന്നെ പതിനായിരക്കണക്കിന് ആളുകളിലേക്കെത്തും.

സംതൃപ്തി നല്‍കുന്നത് സിനിമ

എന്നെ സംബന്ധിച്ചിടത്തോളം എന്നിലെ നടിയെ തൃപ്തിപ്പെടുത്തുന്നത് സിനിമകള്‍ തന്നെയാണ്. എന്റെ ആദ്യ സിനിമയായ ഗാങ്സ് ഓഫ് വസേപുര്‍ തുടര്‍ന്നിങ്ങോട്ട് ചെയ്തിട്ടുള്ള എല്ലാകഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു. നടി എന്ന നിലയില്‍ വളര്‍ച്ചയെ ഞാന്‍ അടയാളപ്പെടുത്തുന്നതും ഇത്തരം കഥാപാത്രങ്ങളിലൂടെയാണ്. എനിക്ക് അധികം സിനിമകള്‍ പെട്ടെന്ന് ചെയ്യണമെന്നില്ല. എന്നെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുകയാണ്. ഓരോന്നും എന്നില്‍ വെല്ലുവിളികളുയര്‍ത്തുന്ന കഥാപാത്രങ്ങളായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇപ്പോള്‍ ഒരു ഹോളിവുഡ് സിനിമ ചെയ്തു, ഒരു മലയാളം സിനിമ ചെയ്തു.  എന്റെ ഭാഷാശൈലി, രൂപം, സ്‌കില്‍സ് എന്നിവയിലെല്ലാം നിരന്തരം പരീക്ഷണം നടത്തിയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍, ശൈലികള്‍ എന്നിവ സ്വീകരിക്കുമ്പോഴാണ് ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം സംതൃപ്തമാകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. 

സബ്‌ടൈറ്റില്‍സ് പ്ലീസ്

സിനിമ എപ്പോഴും സിനിമയാണ്. ഭാഷയ്ക്ക് പ്രാധാന്യമുണ്ടെങ്കിലും സിനിമ തന്നെയാണ് വലുത്. വൈറ്റ് സിനിമയുടെ ചിത്രീകരണ വേളയില്‍ എനിക്ക് മലയാളമറിയില്ലെന്നകാര്യം പലരും മറന്നുപോയിരുന്നു. അവരുടെ സംഭാഷണങ്ങള്‍ വലുതാകുമ്പോള്‍ ഞാന്‍ വിളിച്ച് പറയും 'സബ് ടൈറ്റില്‍സ് പ്ലീസ്'. പക്ഷേ, മലയാളം അറിയില്ലെന്ന കാര്യത്തെ പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിച്ചത്. പുറമേ നടന്ന കാര്യങ്ങളും ശബ്ദങ്ങളും ബാധിക്കാതെ അഭിനയത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു. സെറ്റിലുള്ള ആളുകള്‍ തങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ എന്റെ ക്യാരക്ടറിനെക്കുറിച്ചും ആ സാഹചര്യങ്ങളെക്കുറിച്ചും മാത്രം ചിന്തിക്കാന്‍ കഴിഞ്ഞത് ഭാഷ അറിയാത്തതു കൊണ്ടല്ലേ... 

പരീക്ഷാക്കാലം

സ്‌കൂളും പരീക്ഷാദിനങ്ങളും തിരിച്ചു വന്ന അനുഭവമായിരുന്നു സെറ്റില്‍. പേന, പേപ്പര്‍, റബ്ബര്‍ തുടങ്ങിയവയുമായാണ് ഷൂട്ടിങ്ങിന് പോയിക്കൊണ്ടിരുന്നത്. മലയാളം വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ പകര്‍ത്തിയാണ് പഠിച്ചിരുന്നത്. കൂടാതെ സഹായിക്കാന്‍ ഒരു പരിഭാഷകന്‍ ഉണ്ടായിരുന്നു. ഉച്ചാരണത്തിലും ചുണ്ടുകളുടെ ചലനത്തിലും പ്രശ്നം വരാതിരിക്കാന്‍ മലയാളം അറിയുന്നവരെക്കൊണ്ട് ആ വാക്കുകള്‍ പറയിപ്പിക്കും. സംഭാഷണങ്ങളില്‍ ഓരോ വാക്കുകളും എവിടെയാണ് നിര്‍ത്തേണ്ടത് തുടങ്ങിയകാര്യങ്ങളും ശ്രദ്ധിക്കും. പരീക്ഷയുടെ അവസാന നിമിഷങ്ങള്‍പോലെയുള്ള തയ്യാറെടുപ്പുകള്‍ കണ്ട് പലപ്പോഴും മമ്മൂക്ക അടുത്തു വന്ന് സഹായിച്ചിരുന്നു. വാക്കുകളുടെ അര്‍ഥം മനസ്സിലാക്കി തരാനും ശ്രമിച്ചിരുന്നു.

ആ നിമിഷം

'ലണ്ടനില്‍വെച്ച് ഒരു ഉത്തരേന്ത്യന്‍ പെണ്‍കുട്ടി ഷേക്‌സ്പിയറുടെ വരികള്‍ മമ്മൂട്ടിക്ക് മലയാളത്തില്‍ വിവരിച്ചു കൊടുക്കുന്നു. ഈ സീനിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ... അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ തോന്നിയത് ഇനി എനിക്ക് വേണമെങ്കില്‍ ചന്ദ്രനില്‍പോലും പോയിവരാന്‍ കഴിയുമെന്നാണ്.' മലയാളം സിനിമ ചെയ്തത് മറ്റേതുഭാഷയിലും അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നു. 

ജുബ്രിഷ്

സാഹചര്യം ഉള്‍ക്കൊള്ളാനായാല്‍ ഭാഷ അവിടെ പ്രശ്നമാകില്ലെന്ന പാഠം തിയറ്റര്‍ പെര്‍ഫോമന്‍സിലൂടെയാണ് പഠിച്ചത്. അവിടെ അതിനെ ജുബ്രിഷ് എന്ന് വിളിക്കും. വ്യക്തമായ അക്ഷരങ്ങളോ വാക്കുകളോ ഇല്ലാത്ത ചില ശബ്ദങ്ങളാണത്. അഭിനയിക്കുന്ന സീനിന്റെ പുറകിലുള്ള ഉദ്ദേശ്യം വ്യക്തമായി കഴിഞ്ഞാല്‍ പിന്നെ അവിടെ വാക്കുകള്‍ക്ക് പ്രസക്തിയില്ല. അഭിനയത്തിലൂടെ കാണികളെ പിടിച്ചിരുത്താമെന്ന് തെളിയിക്കുന്നതാണ് ജുബ്രിഷിന്റ മാജിക്ക്. അത് ഈ സിനിമയില്‍ ഉപയോഗപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. 

മറ്റ് മലയാളം സിനിമകള്‍?

മലയാളം സിനിമകള്‍ കാണാറുണ്ട്. പക്ഷേ, ഭാഷ ശ്രദ്ധിച്ചിരുന്നില്ല. സബ്‌ടൈറ്റില്‍സ് നോക്കിയാണ് മനസ്സിലാക്കിയിരുന്നത്. മലയാളത്തില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരെയെല്ലാം ഇഷ്ടമാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് ഉള്‍പ്പെടെ പല മലയാളം സിനിമകളും കണ്ടിട്ടുണ്ട്. ഇനിയും മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഹോളിവുഡില്‍ വൈസ്രോയി ഹൗസ്, ഹിന്ദിയില്‍ ദുബാര എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ജൂലായ് 28 ന് ഹുമയുടെ പിറന്നാളാണ്. ദൈവം തന്ന പിറന്നാള്‍ സമ്മാനമായി വൈറ്റ് സിനിമയെ കാണുന്നുവെന്ന് ഹുമ പറയുന്നു. ഒപ്പം പ്രേക്ഷകര്‍ സിനിമ സ്വീകരിച്ച് പിറന്നാള്‍ മധുരം ഇരട്ടിയാക്കുമെന്ന വിശ്വാസവും ഹുമ പങ്കുവെച്ചു  

'വൈറ്റി'ലേക്കുള്ള വഴി

ഒരു അവാര്‍ഡ് ഫങ്ഷനില്‍വെച്ച് ഖുശ്ബു മാഡമാണ് ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യത്തെക്കുറിച്ച് ചോദിക്കുന്നത്. നല്ല സിനിമകളില്‍ ഭാഗമാകുന്നതിനുള്ള താത്പര്യം അറിയിച്ചിരുന്നു. പിന്നീട് ഈ സിനിമയില്‍ ഖുശ്ബുവാണ് എന്നെ റെക്കമെന്റ് ചെയ്യുന്നത്. സംവിധായകനുമായി സംസാരിച്ചപ്പോള്‍ മനോഹരമായ സ്‌ക്രിപ്റ്റും മമ്മൂട്ടിയുടെ പ്രസന്‍സും സിനിമ ചെയ്യാനുള്ള തീരുമാനം എടുപ്പിച്ചു. 

മമ്മൂട്ടിയോടൊപ്പം

മലയാള സിനിമയിലെ തുടക്കം മമ്മൂക്കയോടൊപ്പം ആകുന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതുപോലെ മികച്ച ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലും. ഈ സിനിമ തിരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്നറിഞ്ഞതാണ്. നോര്‍ത്ത് ഇന്ത്യയില്‍ അമിതാഭ് ബച്ചനെ പോലെയാണ് സൗത്ത് ഇന്ത്യയില്‍ മമ്മൂട്ടി. 

ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നും പഠിക്കാന്‍ സാധിച്ചു. വൈറ്റ് എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ ഒരു പ്രധാന സിനിമ തന്നെയാണ്. തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഒരാളുടെ ജീവിതത്തില്‍ അനവധിമാറ്റങ്ങള്‍ കൊണ്ടുവരുന്ന റോഷ്‌നി എന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഞാന്‍ സിനിമയില്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍വെച്ച് കണ്ടുമുട്ടുന്ന ഇവരുടെ മനോഹരമായ റിലേഷന്‍ഷിപ്പാണ് വൈറ്റ്.