ധ്രുവങ്ങള്‍ പതിനാറ് ഒരു 22 കാരന്റെ സ്വപ്‌നമായിരുന്നു. ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളില്ല, ജനങ്ങളെ തള്ളിക്കയറ്റാനുള്ള പ്രചരണ കോലാഹലങ്ങളില്ല. എന്നിട്ടും കാര്‍ത്തിക് നരേന്‍ എന്ന യുവാവിന്റെ ചിത്രം തമിഴ്‌നാട്ടില്‍ തരംഗമായി. എന്നാൽ, ചിത്രത്തോടൊപ്പം തന്നെ അതിന്റെ വ്യാജനും നാട്ടിൽ പ്രചരിച്ചു. എന്നിട്ടും ലക്ഷങ്ങൾ ചിലവിട്ട് ചങ്കൂറ്റത്തോടെ ആ ചിത്രം ഒരാൾ കേരളത്തിൽ എത്തിച്ചിരിക്കുകയാണ്. മറ്റൊരു ഇരുപത്തിരണ്ടുകാരൻ. തിരുപ്പൂര്‍ സ്വദേശി മഹാവിഷ്ണു കൃഷ്ണമൂര്‍ത്തി. 

സംവിധായകനാവാന്‍ സ്വപ്‌നം കണ്ട് ചെന്നൈയിലെത്തിയ മഹാവിഷ്ണുവിന് ധ്രുവങ്ങള്‍ പതിനാറ് കണ്ടപ്പോള്‍ അത് തമിഴ് സിനിമയെ സ്‌നേഹിക്കുന്നവരുള്ള കേരളത്തിലും എത്തിക്കണമെന്ന് തോന്നി. സിനിമാ വിതരണമെന്ന നൂലാമാലകൾ നിറഞ്ഞ ലോകത്തെക്കുറിച്ച് എട്ടും പൊട്ടും അറിയില്ല. എന്നിട്ടും  ഈ ആഗ്രഹം അയാളെ മുന്നോട്ട് നയിച്ചു. മഹാവിഷ്ണുവിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. യുവനടന്‍ ടൊവിനോ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ മഹാവിഷ്ണുവിന്റെ ഉദ്യമത്തെ പ്രകീര്‍ത്തിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ സുലഭമായിട്ടും വിതരണം എറ്റെടുക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ഇതെക്കുറിച്ച് മഹാവിഷ്ണു മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുന്നു. 

ഒരു ഷോര്‍ട്ട് ഫിലിം മേക്കറാണ് ഞാന്‍. സിനിമ തന്നെയാണ് എന്റെയും സ്വപ്‌നം. ചെന്നൈയില്‍ വച്ചാണ് ധ്രുവങ്ങള്‍ 16 ഞാന്‍ ആദ്യമായി കണ്ടത്. സിനിമ കണ്ടതും ഞാന്‍ അതിശയിച്ചു പോയി. അതിമനോഹരമായ മേക്കിങ്. കാര്‍ത്തിക് നരേന് 22 വയസ്സു മാത്രമേയുള്ളു. ഈ പ്രായത്തിനുള്ളില്‍ ഇത്ര മനോഹരമായി ഒരു ക്രൈം ത്രില്ലര്‍ ഒരുക്കുക എന്നു പറഞ്ഞാൽ അയാള്‍ക്ക് അത്രമാത്രം പ്രതിഭയുണ്ടെന്നതിന്റെ തെളിവാണ്. 

തെലുങ്കിലെല്ലാം ചിത്രത്തിന്റെ അവകാശം വാങ്ങിക്കഴിഞ്ഞു. ധ്രുവങ്ങള്‍ 16 കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണം എന്ന ഉദ്ദേശത്തിലാണ് ഞാന്‍ കേരളത്തില്‍ വിതരണം ചെയ്യാം എന്ന് തീരുമാനിക്കുന്നത്. എനിക്ക് ഈ രംഗത്ത് ഒരു പരിചയവുമില്ല എന്റെ താല്‍പര്യം കൊണ്ട് മാത്രമാണ് ഇറങ്ങിത്തിരിച്ചത്.

വെല്ലുവിളികള്‍

ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയം. ഒരുപാട് പേര്‍ ചിത്രം കണ്ടു കഴിഞ്ഞു. ഇതെല്ലാം എനിക്ക് മുന്നിലുള്ള വെല്ലുവിളികളായിരുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ തീരുമാനിച്ചിരുന്നു എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ചിത്രം ഞാന്‍ വിതരണം ചെയ്യും. 

എങ്കിലും എനിക്കൊരു വിശ്വാസമുണ്ട്. ധ്രുവങ്ങള്‍ 16 തിയേറ്ററില്‍ ഇരുന്നു കാണുമ്പോഴുണ്ടാകുന്ന അനുഭവം വേറെയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം എനിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒരുപാട് കുടുംബ പ്രേക്ഷകര്‍ കൊച്ചിയില്‍ എല്ലാം ചിത്രം കാണാനെത്തുന്നു. തമിഴ് സിനിമകളുടെ ഒരു വലിയ പ്രേക്ഷകര്‍ മലയാളികളാണ്. കേരളം ചിത്രത്തെ നെഞ്ചിലേറ്റി കഴിഞ്ഞു. 

കാര്‍ത്തിക് വളര്‍ന്നുവരുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രചോദനമാണ്. നാം ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത തരത്തിലാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഞാനും സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. എല്ലാം നന്നായി നടക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണിപ്പോള്‍ മുന്നോട്ടുപോകുന്നത്. 

കൃഷ്ണ മൂര്‍ത്തി-പരമേശ്വരി ദമ്പതികളുടെ മകനായി 1994 ല്‍ മധുരയിലാണ് മഹാവിഷ്ണുവിന്റെ ജനനം. ബിസിഎ പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് കടന്നത്. 14 വയസ്സുള്ളപ്പോള്‍ സണ്‍ ടിവിയിലെ ഒരു ഹാസ്യ പരിപാടിയില്‍ വേഷമിട്ടിട്ടുള്ള മഹാവിഷ്ണുവിന് ഒരുപാട് സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.